ഗവേഷകരും ശാസ്ത്രജ്ഞരും ഒരു പ്രത്യേകതരം മനുഷ്യരാണെന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. സാധാരണക്കാരില്‍നിന്നകന്ന് സ്വന്തം ലബോറട്ടറിയില്‍ കുടിയിരിക്കുന്നവരാണവരെന്നാണ് പൊതുവിശ്വാസം. പക്ഷേ അങ്ങയെല്ലാതെ ഒരു മഹാശാസ്ത്രജ്ഞ നമുക്കിടയിലുണ്ടായിരുന്നു. മേരി ക്യൂറി. ലോകമഹായുദ്ധത്തില്‍ സ്വന്തം നാടിനുവേണ്ടി പോരാടാന്‍ അവര്‍ യുദ്ധരംഗത്തെത്തി. പത്ത് ലക്ഷത്തില്‍പ്പരം പടയാളികളുടെ ജീവന് രക്ഷിച്ചു. അധികമാരുമറിയാത്ത ആ വീരഗാഥക്ക് 100 വയസ്സ്. മേരിക്യൂറിയെ അറിയാത്ത സാധാരണക്കാരില്ല. അപൂര്‍വ ലോഹങ്ങളായ റേഡിയവും പൊളോണിയവും കണ്ടെത്തിയ ശാസ്ത്രജ്ഞയും ഫിസിക്സിലും കെമിസ്ട്രിയിലും നോബല്‍ സമ്മാനം നേടിയ അപൂര്‍വ വനിത.
നോബല്‍ സമ്മാനം കിട്ടിയ മകളുടെ ഭാഗ്യവതിയായ അമ്മ. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സിലേക്ക് പാഞ്ഞടുത്തപ്പോള്‍ അവര്‍ ഗവേഷണശാല വിട്ടിറങ്ങി. താന്‍ അറിഞ്ഞ ശാസ്ത്രത്തെ സാങ്കേതികവിദ്യയായി മാറ്റിയെടുത്തു. അങ്ങിനെയാണ് ‘ലിറ്റില്‍ ക്യൂറി’ എന്ന് ചരിത്രം ഓമനപ്പേരിട്ട ‘എക്സ്റേ കാറുകള്‍’ ജനിച്ചത്. അവ യുദ്ധമുന്നണിയില്‍ നേരിട്ടെത്തി ഡോക്ടര്‍മാരെ പിന്തുണച്ചു. സൈനികരുടെ ജീവന് രക്ഷിച്ചു. പാരീസിലെ ഗവേഷണശാലയില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് ജര്‍മ്മന്‍ സൈന്യത്തിന്റെ കുതിച്ചുവരവ് ക്യൂറി അറിയുന്നത്. അവര്‍ ആദ്യം ചെയ്തത്, തന്റെ ഗവേഷണശാലയിലെ അമൂല്യ റേഡിയം ശേഖരം ശത്രുക്കളുടെ കയ്യിലെത്താതെ സൂക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍. പാരീസില്‍നിന്ന് 375 മൈല്‍ അകലെ ‘ബോര്‍ഡോ’യിലെ ഒരു ബാങ്കിന്റെ ലോക്കറിലാണ് അവര്‍ തന്റെ റേഡിയം ശേഖരം സുരക്ഷിതമായി സൂക്ഷിച്ചത്. കറുത്തീയം കൊണ്ടുണ്ടാക്കി ചെറുപെട്ടിയില്‍ അടക്കംചെയ്ത ആ വസ്തു എന്തെന്ന് ആര്‍ക്കുമറിയില്ലായിരുന്നുവത്രെ.
യുദ്ധമുന്നണിയില്‍ വെടിയേറ്റ് മരിച്ചുവീഴുന്ന ആയിരങ്ങളുടെ കദനകഥ അവരുടെ ഹൃദയം അലിയിച്ചു. എക്സ്റേ സൗകര്യമില്ലാത്തതുമൂലം പടയാളികളുടെ ശരീരത്തില്‍ തറച്ചുകയറിയ വെടിയുണ്ടകളുടെയും ബോംബ്ചീളുകളുടെയും സ്ഥാനമറിയാന്‍ കഴിയാതെ ഡോക്ടര്‍മാര്‍ കുഴങ്ങി. അതറിയാതെ ശസ്ത്രക്രിയ അസാധ്യം. പരിക്കേറ്റവരെ നഗരങ്ങൡലെ ആശുപത്രിയില്‍ കൊണ്ടുവരാന്‍ വഴിയോ വാഹനങ്ങളോ ഇല്ല. നഗരത്തിലെ ആശുപത്രികളില്‍ മാത്രം സ്ഥാപിച്ചിട്ടുള്ള എക്സ്-റേ യന്ത്രങ്ങള്‍കൊണ്ട് ഫ്രഞ്ച് സൈനികര്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത അവസ്ഥ.
മേരിക്യൂറി എന്ന ശാസ്ത്രജ്ഞയുടെ മനസ്സില്‍ അപ്പോഴാണ് പുതിയൊരു ആശയം മുളച്ചുപൊന്തിയത്. എക്സ്-റേ യന്ത്രങ്ങള്‍ യുദ്ധം നടക്കുന്നിടത്ത് എത്തിക്കുക. അതിനവര്‍ ഡിസൈന്‍ ചെയ്തത് ‘എക്സ്റേ കാറുകള്‍.’ കാറിനുള്ളില്‍ എക്സ്റേ യന്ത്രവും ഡാര്‍ക്ക്റൂമും. എക്സ്റേ എടുക്കാനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പ്രത്യേക ഡൈനാമോ. പെട്രോള്‍ കാറിന്റെ ചക്രങ്ങള്‍ കറങ്ങുമ്പോള്‍ ഡൈനാമോ വൈദ്യുതിയുണ്ടാക്കും. ആ വൈദ്യുതികൊണ്ട് എക്സ്റേ യന്ത്രം പ്രവര്‍ത്തിക്കും. മേരിയുടെ ആദ്യ എക്സ്റേ കാര്‍ യുദ്ധരംഗത്തേക്ക് പുറപ്പെട്ടത് 1917 ഒക്ടോബറില്‍. അതില്‍ ഡ്രൈവറും ടെക്നീഷ്യനുമൊക്കെയായി പ്രവര്‍ത്തിച്ചത് സാക്ഷാല്‍ മേരി ക്യൂറിതന്നെ.
എല്ലാറ്റിനും ആവശ്യം പണമായിരുന്നു. പക്ഷേ ശാസ്ത്രജ്ഞയുടെ മഹത്തായ ആശയത്തോട് ഫ്രഞ്ച് ഗവണ്മെന്റിന്റെ പ്രതികരണം തീര്‍ത്തും തണുപ്പന്‍. എങ്കിലും മേരി നിരാശയായില്ല. ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന മനുഷ്യസ്നേഹ പ്രസ്ഥാനമായ ‘യൂണിയന് ഓഫ് വിമന്‍ ഓഫ് ഫ്രാന്‍സി’നെ അവര്‍ സമീപിച്ചു. ആദ്യത്തെ എക്സ്റേ കാര്‍ (‘റേഡിയോളജിക്കല്‍ കാര്‍’ എന്നും അറിയപ്പെടുന്നു) നിര്‍മ്മിക്കാനുള്ള സഹായം അവര്‍ നല്കി. ‘മാര്‍നെ’ യുദ്ധമുന്നണിയില്‍ നടന്ന പോരാട്ടത്തില്‍ ഒട്ടേറെപ്പേരുടെ ജീവന് രക്ഷിക്കാന്‍ അന്ന് മേരിയുടെ കാറിനു കഴിഞ്ഞു. ജനങ്ങള്‍ അതിനെ ‘ലിറ്റില്‍ ക്യൂറി’ എന്നു വിളിപ്പേരിട്ടു.
പക്ഷേ ഒരു കാറുകൊണ്ട് ഒന്നുമാവില്ല. മേരി ഫ്രാന്‍സിലെ ധനാഢ്യകളായ സ്ത്രീകളെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ചെറുകാറുകള്‍ സംഭാവന ചെയ്ത് പടയാളികളെ രക്ഷിക്കണമെന്നപേക്ഷിച്ചു. അങ്ങിനെ ലഭിച്ചത് 100 ല്‍ താഴെ കാറുകള്‍. അവയിലൊക്കെ എക്സ്റേ യന്ത്രം ഘടിപ്പിച്ചു. പക്ഷേ പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരുടെ സഹായമില്ലാതെ അവ വിജയിക്കില്ലെന്ന് മേരിക്യൂറിക്കറിയാമായിരുന്നു. അവര്‍ സ്ത്രീകളുടെ ഒരു സന്നദ്ധസംഘത്തിന് രൂപംനല്കി. മൊത്തം 150 പേരുടെ സംഘം. അവര്‍ക്ക് എക്സ്റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനവും നല്കി. അക്കൂട്ടത്തില്‍ സ്വന്തം മകള്‍ ഐറീനും ഉണ്ടായിരുന്നു. പില്ക്കാലത്ത് നോബല്‍ സമ്മാനം നേടിയ ഐറീന്.
നേരിട്ട് എക്സ്റേ പരിശീലനം നല്കിയതുകൊണ്ടുമാത്രം മേരി തൃപ്തയായില്ല. കാറോടിക്കാന്‍ അവര്‍ സ്വയം പരിശീലിച്ചു. ടയര്‍ മാറ്റാന്‍ പഠിച്ചു. കാറിന്റെ ചെറുതകരാറുകള്‍ റിപ്പയര്‍ ചെയ്യാന്‍ അഭ്യസിച്ചു. കാര്ബറേറ്റര് ക്ലീന്‍ ചെയ്യാന്‍വരെ അവര്‍ പഠിച്ചു. എന്നിട്ടാണ് ആ കാറുമായി മേരിക്യൂറി യുദ്ധരംഗത്തേക്ക് പോയത്. അതിനും പുറമെ 200 റേഡിയോളജിക്കല്‍ മുറികള്‍ യുദ്ധരംഗത്ത് സജ്ജമാക്കാനും അവര്‍ മുന്‍കയ്യെടുത്തു. പില്ക്കാലത്ത് നോബല്‍ സമ്മാനത്തുകകൊണ്ട് സര്‍ക്കാരിന്റെ യുദ്ധകാല ബോണ്ടുകള്‍ വാങ്ങിയും അവര്‍ തന്നെ രാജ്യസ്നേഹം പ്രകടമാക്കി.
പക്ഷേ വേണ്ടത്ര സുരക്ഷാ ഏര്‍പ്പാടുകളില്ലാത്ത എക്സ്റേ പരിപാടിയില്‍ മിക്ക സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഗുരുതരമായ പരിക്കേറ്റു. പലരുടെയും കയ്യില്‍ ആഴത്തിലുള്ള പൊള്ളലുകളുണ്ടായി. മേരിക്യൂറിയും ആ അപകടം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. അന്നുണ്ടായ അതിശക്തമായ എക്സ്റേ വികിരണം പില്ക്കാലത്ത് അവരെ മഹാരോഗിയാക്കി മാറ്റി. രക്തത്തിലെ പ്രത്യേകതരം തകരാറുണ്ടാക്കുന്ന രോഗം- അപ്ലാസ്റ്റിക് അനീമിയ അവര്‍ക്ക് മരണകാരണമാവുകയും ചെയ്തു. പക്ഷേ ആ യുദ്ധത്തില്‍ മേരി ക്യൂറിയുടെ പ്രായോഗികബുദ്ധി മൂലം രക്ഷപ്പെട്ടത് പത്ത് ലക്ഷത്തോളം സൈനികരെന്നാണ് കണക്ക്. പോളണ്ടില്‍നിന്ന് കുടിയേറി ഫ്രാന്‍സിലെത്തിയിട്ടും തന്റെ രണ്ടാം രാജ്യത്തെ സ്വന്തം ജന്മനാടായി കരുതിയാണ് മേരിക്യൂറി സ്നേഹിച്ചത്. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിലെ ഈ വീരകഥ അധികമാരും അറിഞ്ഞില്ല. ആ വീരകഥയ്ക്ക് നൂറു വയസ്സ് തികഞ്ഞ വേളയില്‍ പോലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: