ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ഝാന്‍സി നഗരം ഇന്ന് ആ നാടിന്റെ അഭിമാനമായ ഒരു ധീരവനിതയുടെ ജന്മദിനം ആഘോഷിക്കുന്ന സന്തോഷത്തിലാണ്. അത് മറ്റാരുമല്ല ബ്രട്ടീഷ് അധിനിവേശത്തിനെതിരെ തന്റെ അവസാന ശ്വാസം വരെ പട പൊരുതിയ ധീരവനിത ഝാന്‍സി റാണിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യത്ത് നിരവധി ധീരന്മാരായ ചക്രവര്‍ത്തിമാരും രാജാക്കന്മാരുമൊക്കെ ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ പടപൊരുതി വിജയക്കൊടി നാട്ടിയിട്ടുണ്ട്.
എന്നാല്‍ ഒരു നാട് ആകമാനം എന്നും വീരാരാധനയോടെ ഓര്‍ക്കുകയും ഓരോ വര്‍ഷവും അവരുടെ ജന്മദിനം സമുചിതമായി ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ച ഇവിടെ കാണാം. ഝാന്സിറാണിയോടുള്ള ആദരവ് തെളിയിക്കുന്നതാണ് നഗരത്തില്‍ എങ്ങും കാണുന്ന ഝാന്‍സി റാണിയുടെ പ്രതിമകള്‍. നഗരത്തിന് നടുവിലായി പഴയകാലഘട്ടത്തിന്റെ പ്രൗഢി ഒട്ടും ചോര്‍ന്നുപോകാതെ അംബരചുംബിയായി നില്ക്കുന്ന ഝാന്‍സിറാണി വാണ കോട്ടയും, റാണിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്ന ദൃശ്യങ്ങളും ഇവിടെ കാണാം.
കവാടത്തിന് മുന്നിലായി യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന കൂറ്റന്‍ പീരങ്കിയും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് ബ്രിട്ടീഷുകാരാല്‍ താന്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തന്റെ കൈക്കുഞ്ഞുമായി കുതിരയോടൊപ്പം ചാടിയ സ്ഥലം, റാണിയോടൊപ്പം യുദ്ധം നയിച്ച വീരയോദ്ധാക്കളുടെ ശവകുടീരങ്ങളും, വടക്കുഭാഗത്തായി കോട്ടയില്‍ നിന്നും ഗ്വാളിയാര്‍ വരെ നീളുന്ന തുരങ്കപ്പാത, തൂക്കിലേറ്റുന്ന സ്ഥലം, റാണി എന്നും ആരാധന നടത്തുന്ന ശിവക്ഷേത്രം, കുതിരാലയങ്ങള്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കാഴ്ചകളാണ് കോട്ടയ്ക്കുള്ളിലുള്ളത്.
കോട്ടയ്ക്ക് പുറത്ത് റാണിയുടെ സ്മരണ നിലനിര്‍ത്തി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പാര്‍ക്ക്, മ്യൂസിയം, (ഇവിടെ റാണിയുടെ യുദ്ധോപകരണങ്ങളുടെ വന്‍ ശേഖരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.) ഇന്ന് ഝാന്‍സി ഏറെ വളര്‍ന്നു; മുമ്പ് റാണിയുടെ അപദാനങ്ങള്‍ കേട്ടുറങ്ങിയ ഒരു ചെറിയ പ്രദേശം എന്നതിലുപരി അത്ര കണ്ട് വികസനം തൊട്ടുതീണ്ടാത്ത ഇവിടം ഉത്തര്‍പ്രദേശിലെ അതിപുരാതനമായ നഗരം എന്നു തന്നെ പറയാം. എന്നാല്‍ വികസന പാതയിലെ കുതിപ്പില്‍ നാടും നഗരവും മുന്നേറി. പത്തു വര്‍ഷം മുന്നേ ഝാന്‍സി നഗരസഭ കോര്പ്പറേഷന് ആയി.
കോര്‍പ്പറേഷനിലെ രണ്ടാമത്തെ മേയറായി ചുമതലയേറ്റ കിരണ്‍വര്‍മ്മ എന്ന നാട്ടുമ്പുറത്തുകാരി ഇവിടെ വികസനത്തിന്റെ പെരുമഴ തീര്‍ത്തു. ഝാന്‍സി ജില്ലയിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കിരണ്‍ വര്‍മ്മ ഡിഗ്രി പഠനം കഴിഞ്ഞപ്പോഴാണ് ഝാന്‍സി നിവാസിയായ ബുക്ക്സ്റ്റോള് ഉടമ രാജു കിരണിനെ വിവാഹം കഴിച്ചത്. ബുക്സ്റ്റാളില്‍ കിരണും സഹായിയായി. ഇവിടെ സാധാരണ നടക്കുന്ന ചര്‍ച്ചകളില്‍ കിരണും പങ്കാളിയായി. കിരണിന്റെ ഉറച്ച തീരുമാനങ്ങളും നിലപാടുകളും 2012 ലെ ഝാന്‍സി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കിരണ്‍ വര്‍മ്മയെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കി.
കിരണ്‍ വര്‍മ്മ ഝാന്‍സി കോര്പ്പറേഷന് മേയറുമായി. പിന്നീട് തന്റെ പിന്ഗാമികളില് നിന്നും വ്യത്യസ്തമായി ജനങ്ങളോടൊപ്പം നിന്ന് കോര്‍പ്പറേഷന്റെ സമഗ്രമായ വികസനം സാദ്ധ്യമാക്കുവാനും ഇവര്‍ക്ക് കഴിഞ്ഞു. കൂട്ടിന് മറ്റൊരു പെണ്‍സിംഹം കൂടി എത്തി. ഝാന്‍സിയുടെ എം.പി.യും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരാനും നടപ്പാക്കുവാനും കഴിഞ്ഞു. കിരണ്‍ വര്‍മ്മയുടെ നേതൃത്വത്തിലാണ് ഗതാഗതക്കുരുക്ക് ഏറെയുണ്ടായിരുന്ന ഝാന്‍സിയില്‍ നാലുവരി പാത, കാശിറാം പാര്‍ക്ക്, സ്വച്ഛ്ഭാരത് അഭിയാന് വഴി ക്ലീന്‍സിറ്റി എന്ന പദവി, ഝാന്‍സി കോട്ടയുടെ പുനരുദ്ധാരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നു. റാണിയുടെ ജന്മദിനപരിപാടിയായ ‘ഝാന്‍സി മഹോത്സവ്’ 2017 ന് നേതൃത്വം കൊടുക്കുന്നതും ഇവരാണ്.
കൂട്ടായ പ്രവര്‍ത്തനം കോര്‍പ്പറേഷനില്‍ വന്‍ വികസനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യാപാരിയായ പ്രദീപ് സൈനിയും പറയുന്നു. ഝാന്‍സിക്ക് പുറമെ സമീപപ്രദേശമായ സദര്‍ബസാര്‍, മണി ചൗക്ക്, ഓര്‍ച്ച (ഇത് മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമാണ്) എന്നിവിടങ്ങൡലും ഝാന്‍സിറാണിയുടെ അശ്വാരൂഢരൂപത്തിലുള്ള കൂറ്റന്‍ പ്രതിമകള്‍ കാണാം. ഭാരതത്തില്‍ വീരപുരുഷന്മാരും വീരവനിതകളും ജന്മം കൊണ്ടിട്ടുണ്ട്. എന്നാല്‍ നാടിനൊപ്പം രാജ്യമാകമാനം ഇന്ന് ആരാധനയോടെ കേള്‍ക്കുന്ന പേര് അത് ഝാന്‍സിയുടെ സ്വന്തം റാണിയായ ഝാന്‍സി റാണിയുടേത് മാത്രമാണ്. പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ ഉള്ള ഝാന്‍സി കില ഝാന്‍സികോട്ട) ഉത്തരേന്ത്യന്‍ വാസ്തു ശില്പഭംഗി നിറഞ്ഞതാണ്.
ചുണ്ണാമ്പുകല്ലില്‍ പണി കഴിപ്പിച്ചിട്ടുള്ള കോട്ട ഏതു പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് ഇന്നും അംബരചുംബിയായി നിലനില്ക്കുന്നു. ചരിത്രത്തിന്റെ ഉള്‍ത്തുടിപ്പ് ഏറ്റു വാങ്ങിയ ഈ ചരിത്രസ്മാരകം സന്ദര്‍ശകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഇന്നും അത്ഭുതമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: