കൊച്ചി: വൈറ്റിലയിലെ ഫ്ളൈ ഓവര്‍ നിര്‍മ്മാണം എന്ന് തുടങ്ങാനാവുമെന്ന് തീരുമാനമെടുത്ത് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ഫ്ളൈ ഓവര്‍ നിര്‍മ്മാണം വേഗത്തിലാക്കണമെന്നും ദേശീയ പാത അഥോറിറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്പിക്കണമെന്നും ആവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയെ ചുമതലയേല്പിക്കാന് നിശ്ചയിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു നടന്നാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് എന്ന് നിര്‍മ്മാണം തുടങ്ങാനാവുമെന്ന് കൃത്യമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ഇതിനിടെ നിലവിലെ പ്ലാന്‍ അനുസരിച്ച് ഫ്ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ഗതാഗതക്കുരുക്ക് കുറയില്ലെന്ന് ആരോപിച്ച് നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുള്ള നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വൈറ്റിലയിലെ ഫ്ളൈ ഓവറിനുവേണ്ടി മറ്റൊരു പ്ലാനും വിശദാംശങ്ങളും ഹര്ജിക്കാരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്ജിക്കാരന് ഇവ സര്‍ക്കാരിനോ അധികൃതര്‍ക്കോ നല്‍കിയില്ലെന്നും ടെണ്ടര്‍ നടപടി പൂര്‍ത്തിയായ സാഹചര്യത്തില്‍ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: