കിഴക്കമ്പലം: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് കിഴക്കമ്പലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഒരു പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കമ്പലം-പെരുമ്പാവൂര്‍, വാഴക്കുളം- കാരുകുളം, തടിയിട്ടപറമ്പ്-വളവുകോട് എന്നീ റോഡുകളുടെ വികസനത്തിനായി ട്വന്റി-20യുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച പദ്ധതി കേന്ദ്ര ഫണ്ടു ഉപയോഗിച്ച് ചെയ്യാനുള്ള നീക്കം നടത്താമെന്ന് ചടങ്ങില്‍ മന്ത്രി ഉറപ്പുനല്‍കി.
ആദ്യവില്പന നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചു, ഗര്‍ഭിണികള്‍ക്കുള്ള കിറ്റ് വിതരണം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും, കൂട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിതരണം ചെയ്തു.
പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച മാര്‍ട്ടിന്റെ ഉപഭോക്താക്കള്‍ കിഴക്കമ്പലം പഞ്ചായത്ത് നിവാസികള്മാത്രമാണ്. പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല് തുടങ്ങിയവ ട്വന്റി20 മാര്‍ക്കറ്റിലൂടെ വില്‍ക്കുന്നു. അതുവഴി കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നു.
കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങള്‍ ഈ മാര്‍ക്കറ്റിന്റെ ഉപഭോക്താക്കളാണ്. 500 ഓളം വരുന്ന ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസ്സില്‍ താഴെയുള്ള 1500 ഓളം കുട്ടികള്‍ക്കും പാല്, മുട്ട തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങള്‍ക്കും റോഡ് വികസനത്തിനായി സ്ഥലം വിട്ടു നല്കിയ കുടുംബങ്ങള്‍ക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്കുന്നു. ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചിലവുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ട്വന്റി-20 ഫുഡ് സേഫ്റ്റി മാര്‍ട്ടിന്റെ പ്രത്യേകത. 2020ഓടെ കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല ഒരു മാതൃക പഞ്ചായത്തായി ഉയര്‍ത്തുക എന്നതാണ് ട്വന്റി20 യുടെ ലക്ഷ്യമെന്ന് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും, കിറ്റക്സ് മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ് പറഞ്ഞു.
ചടങ്ങില്‍ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് സ്വാഗതം പറഞ്ഞു. ജോസഫ് മാര്‍ഗ്രിഗോരിയസ് മെത്രാപൊലീത്ത കൊച്ചി ഭദ്രാസനം, എബ്രഹാം മാര്‍ സെവിറിയോസ് അങ്കമാലി ഭദ്രാസനം, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷണന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: