പെരുമ്പാവൂര്‍: കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ ഇനി നമുക്ക് കണ്ണും കാതും തുറന്ന് കാണുകയും കേള്‍ക്കുകയുമാകാം. ഭാവിയിലേക്ക് വേണ്ട പുതിയ ആശയങ്ങളുണെങ്കില് ഇവരില്‍ നിന്ന് കണ്ടുപഠിക്കുകയും ചെയ്യാം. റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകള്‍ക്കും റീജണല്‍ വൊക്കേഷണല്‍ എക്സ്പോയ്ക്കും തുടക്കമായി.
പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് ശാസ്ത്രമേളയും, റീജണല്‍ വൊക്കേഷണല്‍ എക്സ്പോയും. ആശ്രമം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സാമൂഹ്യ ശാസ്ത്ര മേളയും, ഒക്കല്‍ ശ്രീനാരായണ എച്ച്എസ്എസില്‍ പ്രവൃത്തി പരിചയ മേളയും കുറുപ്പംപടി എംജിഎമ്മില്‍ ഗണിതശാസ്ത്ര ഐടി മേളകളുമാണ് ആരംഭിച്ചത്. 14 സബ് ജില്ലകളിലെ വിവിധ സ്കൂളുകളില്‍നിന്നും ഏകദേശം ഏഴായിരത്തോളം പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
പെരുമ്പാവൂര്‍ ഗവ. ജിജിഎച്ച്എസ്എസില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജെസി എജി, നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ മോഹന്‍ ബേബി, കോതമംഗലം ഡി.ഇ.ഒ ജി. ശ്രീലത, പെരുമ്പാവൂര്‍ ജിജിഎച്ച്എസ്എസ് എച്ച്എം സി.കെ. രാജു എന്നിവര്‍ സംസാരിച്ചു.
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വകുപ്പിന്റെ കീഴിലുള്ള എറണാകുളം, കോട്ടയം ജില്ലകളിലെ 65 സ്കൂളുകളില്‍നിന്നും പാഠ്യപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മത്സരപ്രദര്ശനവും വില്‍പ്പനയും എക്സ്പോയില്‍ ശ്രദ്ധേയമായി. എഞ്ചിനീയറിങ്, പാരമെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഹുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലെ വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ആര്‍ജിച്ച കഴിവുകളെ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന വസ്തുക്കളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ് ണന് ഉദ്ഘാടനം ചെയ്യും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹന്‍ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: