കൊച്ചി: ശമ്പള പരിഷ്കരണത്തിന് നഴ്സുമാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിര്‍ദ്ദേശം പാലിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരത്തണമെന്നും വി.എസ്. അച്യുതാനന്ദന്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പളം പുതുക്കികൊടുക്കേണ്ട സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന മാനേജ്മെന്റുകളുടെ വാദം മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ല. സ്വകാര്യ ആശുപത്രികളുടെ വരുമാനവും ലാഭനഷ്ടങ്ങളും സംബന്ധിച്ച് കൃത്യമായ വിലയിരുത്തലിന് ഒരു സംവിധാനം അത്യാവശ്യമാണ്. ഇത് സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്നും വിഎസ് പറഞ്ഞു.
യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷനായി. ചേര്‍ത്തലയില്‍ ആരംഭിക്കുന്ന വിദേശ മാതൃകയിലുള്ള ആശുപത്രിയുടെ പ്രോജക്ട് യുഎന്‍എ ഇന്റര്‍നാഷ്ണല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.എം. നൗഫല്‍ അവതരിപ്പിച്ചു. ഇസാഫ് ബാങ്ക്-യുഎന്‍എ കോ ബ്രാന്റഡ് ഡെബിറ്റ് കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് എംഡി പോള്‍ മാത്യു, യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ, ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്ത പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.വി. സുധീപ് നിര്‍വഹിച്ചു.
യുഎന്‍എ പ്രവാസി കൂട്ടായ്മ പ്രമോട്ടര്‍ (ഖത്തര്‍) അലി മുഹമ്മദ് അല്‍ മുഹന്നാദി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.ടി.ടി. ജിസ്മോന്, എന്‍എസ് യു-ഐ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ശരത്ത്, എസ് യുസിഐ കമ്യൂണിസ്റ്റ് നേതാവ് ഇ.വി. പ്രകാശ്, ആംആദ്മി കേരള വിമണ്‍സ് സെല്‍ കണ്‍വീനര്‍ സി സുജാത, സന്തോഷ് പണ്ഡിറ്റ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: