കാക്കനാട്: റോഡും നടപ്പാതയും കാനയും കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരെ തൃക്കാക്കര നഗരസഭ നടപടി തുടങ്ങി. കാക്കനാട് ജംങ്ഷനില്‍ ടാക്സി സ്റ്റാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആറ് കടകള്‍ക്ക് നഗരസഭ സെക്രട്ടറി നോട്ടീസ് നല്കി. കടകളുടെ മുന്നിലേക്ക് നീട്ടി കെട്ടിയിരിക്കുന്ന ഭാഗം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചശേഷം സ്വയം പൊളിച്ചുനീക്കാത്ത കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി റവന്യൂ വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്ത് അനധികൃത കൈയേറ്റങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭ കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് സെക്രട്ടറി പി.എസ്. ഷിബു വ്യക്തമാക്കി.
നഗരസഭ ടാക്സി സ്റ്റാന്റ് സ്ഥലം കൈയേറി പെട്ടിക്കട സ്ഥാപിച്ചത് നീക്കാന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള മൂന്നാഴ്ച മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു. രാത്രിയില്‍ സ്ഥാപിച്ച അനധികൃത പെട്ടിക്കട നീക്കണമെന്നാവശ്യപ്പെട്ട് ടാക്സി സ്റ്റാന്‍ഡിലെ കച്ചവടക്കാരുടെ പരാതി പരിഗണിച്ചായിരുന്നു കളക്ടറുടെ നടപടി. സെക്രട്ടറിയോട് പരിശോധിച്ച് കൈയേറ്റമാണെങ്കില്‍ പൊളിച്ച് നീക്കാനായിരുന്നു കളക്ടറുടെ നിര്‍ദേശം. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദേശം നടപ്പിലാക്കിയില്ലെന്ന് പരാതി ഉയര്‍ന്നു. കടയുടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ അധികൃതരെത്തി പെട്ടിക്കട പൊളിച്ച് നീക്കിയിരുന്നു. സിപിഎം കൗണ്‍സിലറുടെ ഒത്താശയോടെയാണ് അനധികൃത പെട്ടിക്കട സ്ഥാപിച്ചതെന്ന് കടയുടമകളുടെ ആരോപണുണ്ട്. ടാക്സി സ്റ്റാന്‍ഡിനും നഗരസഭ ഷോപ്പിങ് കോംപ്ലക്സിനും ഇടക്കുള്ള സ്ഥലം കൈയേറിയാണ് പെട്ടിക്കട സ്ഥാപിച്ചിരിക്കുന്നത്. പെട്ടിക്കട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവേഴ്സ് യൂണിയനും നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. നഗരസഭ ടാക്സി സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലത്താണ് കൈയേറ്റം നടത്തിയിരിക്കുന്നതെന്നായിരുന്നു യൂണിയന് ഭാരവാഹികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: