മലയാള സിനിമയിലെ സാഹസികതയുടെ ആദ്യ ആള്‍രൂപമായ നടന് ജയന്റെ മരണവും സാഹസികതയിലൂടെ തന്നെ ആയതും വിധി ഒരുക്കിവെച്ച യാദൃശ്ചികതയുടെ അമ്പരപ്പായിരുന്നിരിക്കണം. കുറച്ചുകാലംകൊണ്ട് എന്നന്നേയ്ക്കുമായി ആഘോഷിക്കപ്പെട്ട ജയന് എന്ന ആക്ഷന്‍ ഹീറോയുടെ മാസ്മരികത ഇന്നും ഭൂതകാലം തിരശ്ശീലയിടാതെ പ്രേക്ഷകരിലുണ്ട്. അതെ,മലയാള സിനിമ പൗരുഷത്തിന്റെ മുദ്രകണ്ടത് നടന് ജയനിലൂടെയാണ്. മലയാള സിനിമ നടുക്കത്തോടെ കരഞ്ഞതും ജയന്റെ മരണത്തിലൂടെതന്നെ. ജയന്റെ മരണത്തിന് നവംബര്‍ 16ന് 37 വയസ്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പു നടന്നിട്ടും ഇന്നലത്തേതുപോലെ കണ്മുന്നില്കാണുന്ന ചിലതുണ്ട്. അതുപോലെയാണ് ജയന്റെ മരണം. ജയനു മുന്‍പും പിന്‍പും നിരവധി ഇഷ്ടതാരങ്ങള്‍ മലയാളത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ അപൂര്‍വമായിരുന്നു ജയന്റെ ദുരന്തം. കോളിളക്കം എന്ന സിനിമയില്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നു സ്റ്റണ്ടു ചെയ്യുന്നതിനിടയില്‍ നിലത്തു തലയിടിച്ചുവീണുണ്ടായ ആഘാതമാണ് ജയനെ മരണത്തിലേക്കു നയിച്ചത്. തങ്ങളുടെ ഇഷ്ടനടന് മരിച്ചെന്നറിഞ്ഞിട്ടും മരിച്ചില്ലെന്നു വിശ്വസിക്കാന്‍ തയ്യാറാകാത്ത ആരാധകരുമുണ്ട്. അന്നു മരിച്ചത് ജയനല്ല മറ്റാരോ ആണെന്നു സ്നേഹക്കൂടുതല്‍കൊണ്ടു അവിശ്വസിക്കാനായിരുന്നു അവര്‍ക്കു താല്‍പ്പര്യം.
പഴയ തലമുറയുടെ ജയനോടുള്ള ആരാധനയുടെ കാരണങ്ങള്‍ തിരക്കിപ്പോയ പുതുതലമുറയ്ക്കും സമ്മതിക്കേണ്ടി വന്നുകാണണം അന്നു മലയാള സിനിമയിലെ ഒറ്റയാള്‍ പ്രതിഭാസമായിരുന്നു ജയനെന്ന്. കടഞ്ഞെടുത്തപോലുള്ള ഒത്ത ശരീരം, വലിയ മുഖത്തെ തെളിച്ചമുള്ള കണ്ണുകള്‍, ശബ്ദ ഗാംഭീര്യം, നടത്തത്തിലെ ഉറപ്പ് എന്നിങ്ങനെ ശരിയായൊരു പുരുഷന്. ചോക്ലേറ്റു നായകര്‍ക്കിടയില്‍ ഇഷ്ടപ്പെടാനും ആരാധിക്കാനുമുള്ള കാരണങ്ങള്‍ അനവധിയെന്ന് അവരും തിരിച്ചറിഞ്ഞു. ഭാവത്തില്‍ മാത്രമല്ല വേഷത്തിലും വ്യത്യ്സ്തനായിരുന്നു ജയന്.എല്‍വിസ് ബെല്‍ബോട്ടം പാന്റ്സ്, പെട്ടെന്ന് എടുത്തു കാണിക്കുന്ന കടുത്ത വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍, മാനറിസങ്ങളിലെ ആകര്‍ഷണം എന്നിവയൊക്കെ ഈ നടനെ വേറിട്ടവനാക്കി.
മലയാള സിനിമയെ പാരമ്പര്യംപോലെ അലോസരപ്പെടുത്തിയ മരംചുറ്റി പ്രേമത്തിനു ഒടുക്കംവന്നത് ജയന്റെ കാലത്താണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിയോജിപ്പുണ്ടാകാമെങ്കിലും മലയാള സിനിമ ആദ്യംകണ്ട ആണത്തം ജയനായിരുന്നുവെന്ന് ആരും തലകുലുക്കി സമ്മതിക്കും. ജയനില്‍നിന്നും പൗരുഷ സാഹസികതയും ആക്ഷനും മറ്റും സ്വാഭാവികമായും ആഗ്രഹിച്ചതുകൊണ്ടാവണം അതുമാത്രം അദ്ദേഹത്തില്‍നിന്നും സംവിധായകരും പ്രതീക്ഷിച്ചത്. എന്നാല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഏതോ ഒരു സ്വപ്നം ഈ നടന്റെ അഭിനയം പുറത്തെടുത്ത ചിത്രമാണ്.
സിനിമാ കമ്പക്കാരനായി സൈനിക ജീവിതത്തില്‍നിന്നും രാജിവെച്ച കൃഷ്ണന് നായരാണ് പിന്നീട് നടന് ജയനായത്. ചെറുവേഷങ്ങളില്‍ മിന്നായംപോലെ പ്രത്യക്ഷപ്പെട്ട് ജേസി സംവിധാനം ചെയ്ത ശാപമോക്ഷം ഒരു നടനെന്ന നിലയില്‍ ജയനു തുടക്കമായി. വില്ലനായി വന്ന് നായകനായി മാറുകയായിരുന്നു. വില്ലന്‍ വേഷത്തിലും നായകനായിത്തീര്‍ന്ന നടന്. അഭിനയിച്ച മിക്കവാറും ചിത്രങ്ങളും ഹിറ്റ്. നൂറും നൂറ്റമ്പതും ഓടി സൂപ്പര്ഹിറ്റായവ വേറെ. കണ്ണപ്പനുണ്ണി, അവനോ അതോ അവളോ, മീന്‍,മൂര്‍ഖന്‍, ശരപഞ്ജരം, കരിമ്പന, അങ്ങാടി, ചന്ദ്രഹാസം, അന്തപ്പുരം, രാജാങ്കണം, മോചനം, ചാകര, പഞ്ചമി, പ്രഭു, കഴുകന്, സര്‍പ്പം, തടവറ, ലിസ എന്നിങ്ങനെ ഹിറ്റായ ജയന് ചിത്രങ്ങള്‍ നിരവധിയാണ്.
ജയന് ചിത്രങ്ങള്‍ കൂടുതല്‍ സംവിധാനം ചെയ്തവരില്‍ ഐ.വി.ശശിയാണു മുന്നില്‍,12 ചിത്രങ്ങള്‍. അങ്ങാടി, മീന്‍, കരിമ്പന, കാന്തവലയം, ഈ മനോഹര തീരം എന്നിവ ഇതില്‍പ്പെടും. അങ്ങാടിയിലെ ബാബു എന്ന തൊഴിലാളിയുടെ ഇംഗ്ളീഷ് അന്ന് കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.
പ്രേം നസീര്‍-ഷീല ജോഡികള്പോലെ ജയന്-ഷീല,ജയന്-സീമ,ജയന്-ജയഭാരതി ജോഡികള്‍ അക്കാലത്ത് പ്രേക്ഷകരുടെ തിരക്കുണ്ടാക്കി. അന്നത്തെ ഒട്ടുമിക്ക നായികമാരുമായും അഭിനയിച്ചു. നായകനില്‍നിന്നും സൂപ്പര്‍ സ്റ്റാറെന്ന പദവിമാറ്റത്തിന്റെ ആരംഭം ജയനിലൂടെയായിരുന്നു. പ്രായക്കൂടുതലുള്ളൊരാളുടെ വേഷം ജയന് അഭിനയിച്ചിട്ടില്ല.
നിത്യ യൗവനയുക്ത നായകനായിരുന്നു ജയന്. അദ്ദേഹം ആഘോഷിക്കപ്പെടുമ്പോഴും സ്നേഹപൂര്‍വം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. രണ്ടും ചോന്നാകണം നിത്യാരാധനയുടെ ഹേതു. എന്നാലും മുപ്പത്തേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും പഴയ തലമുറ അന്നത്തെപ്പോലെ ജയനെ ആരാധിക്കുമ്പോള്‍ കാരണങ്ങള്‍ പരിചിതമാണെങ്കിലും അതിനപ്പുറം ഒരു കാന്തവലയം ഇല്ലേയെന്നും അവര്‍തന്നെ അറിയാതേയും ചോദിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: