പരപ്പനങ്ങാടി: പട്ടയം കൈവശമുണ്ടെങ്കിലും നികുതി അടക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പരപ്പനങ്ങാടി പാലത്തിങ്ങലിലെ ഒന്‍പത് കുടുംബങ്ങള്‍. ചേര്‍ക്കോട്ട് ആമിന, മരക്കാംകടവത്ത് സൈനുല്‍ ആബിദ്, പറമ്പില്‍വീട്ടില്‍ രായിന്‍കുട്ടി, ചപ്പങ്ങത്തില്‍ യാഹിയ, തൈശ്ശേരി മുഹമ്മദ്കുട്ടി, കുന്നുമ്മല്‍ സുഹറാബി, മാടപ്പള്ളി കോയ, തേനത്ത് സഫിയ, തേനത്ത് സമ്മദ് എന്നിവരുടെ ഭൂമിക്ക്് 1995ലാണ് പട്ടം ലഭിച്ചത്.
1999 വരെ നികുതി അടച്ചതായും ഇവര്‍ പറയുന്നു. പിന്നീട് നികുതി അടക്കാനായി എത്തിയപ്പോള്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സര്‍ക്കുലര്‍ പ്രകാരം ഈ ഭൂമികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം ലഭിച്ചതായി വില്ലേജ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
45 വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇവര്‍ക്ക് 2009 വരെ കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. പരപ്പനങ്ങാടി പഞ്ചായത്തായിരിക്കെ ഇവരില്‍ പലര്‍ക്കും വീട് വെക്കുന്നതിന് 50000 രൂപവീതം ധനസഹായവും ലഭിച്ചിട്ടുണ്ട്. നികുതി അടക്കാനാകാത്തതില് ബാങ്ക് വായ്പ പോലും എടുക്കാനാകാത്ത അവസ്ഥയിലാണ്. ഒരുവിഭാഗം ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം കയ്യേറി ആരാധനാലയം നിര്‍മ്മിച്ചതിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ കുടുംബങ്ങളുടെ താമസം. കയ്യേറ്റ ഭൂമിയില്‍ ആരാധനാലയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കണ്ണടച്ചിരുന്ന സര്‍ക്കാര്‍ വകുപ്പുകളാണ് ഇന്ന് രണ്ടര സെന്റില്‍ താമസിക്കുന്ന പാവങ്ങളുടെ മേല്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: