കല്‍പ്പറ്റ: ഹരിത കേരള മിഷന്റെ ഭാഗമായി നദികളുടെയും പ്രകൃതി സമ്പത്തുകളുടെയും സംരക്ഷണവും ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നാടൊന്നാകെ ഏറ്റെടുക്കണമെന്ന് കൃഷി,മണ്ണ്പര്യവേഷണ-സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്.സുനി ല്‍കുമാര്‍. ജൈവകലവറയായ വയനാട് വരണ്ടുണങ്ങുന്നത് കേരളത്തിനുളള മുന്നറിയിപ്പാണ്. അശാസ്ത്രീയമായ ഇടപെടലുകളും ആസൂത്രണത്തിലെ പിഴവുകളുമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ‘നേരറിവ് നീരറിവ്’ എന്ന പേരില്‍ സംഘടിപ്പിച്ച കബനി നദീതട പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയായ ജലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണ് പര്യവേഷണ മണ്ണ്സംരക്ഷണവകുപ്പ്, വയനാട് പ്രസ്ക്ലബ്, ജില്ലാ ഹരിതകേരള മിഷന് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇവിടുത്തെ നദികളുടെ ഗുണഭോക്താക്കള്‍ വയനാട്ടുകാര്‍ മാത്രമല്ല. 96 ടി.എം.സി ജലമാണ് കബനി നദിയില്‍നിന്ന് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് ഒഴുകുന്നത്.എന്നാല്‍ ജില്ലക്ക് അര്‍ഹമായ 21 ടിഎംസി ജലം പോലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല. ആറ് ശതമാനം ജലംമാത്രമാണ് രൂക്ഷമായ ജലദൗര്‍ലഭ്യത്തിനിടയിലും വിനിയോഗിക്കാന്‍ സാധിച്ചത്.
സി.കെ ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ ജില്ലയിലെ നദീതടങ്ങളുടെ മാപ്പ് എം.ഐ ഷാനവാസ് എം.പി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, നഗരസഭാ അധ്യക്ഷ ഉമൈബ മൊയ്തീന് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്മുഖന്, ദിലീപ് കുമാര്‍, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്, പ്രസ്ക്ലബ് സെക്രട്ടറി പി.ഒ.ഷീജ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മണ്ണ്സംരക്ഷണഓഫീസര് പി.യു.ദാസ് വിഷയം അവതരിപ്പിച്ചു. ജനപ്രധിനിധികള്‍,ഉദ്യോഗസ്ഥര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: