കാലടി: സിപിഎം ഭരിക്കുന്ന കാലടി പഞ്ചായത്തില്‍ രണ്ടു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ സെക്രട്ടറിയും സ്ഥലം മാറ്റത്തിനൊരുങ്ങുന്നു. 2015 നവംബര്‍ മാസത്തില്‍ പുതിയ പഞ്ചായത്ത് കമ്മറ്റി നിലവില്‍ വരുമ്പോള്‍ ഓമന കെ.ആര് സെക്രട്ടറിയായിരുന്നു. അവര്‍ ആറ് മാസത്തിനുശേഷം വിരമിച്ചു. തുടര്‍ന്ന് സെക്രട്ടറിയായി എത്തിയ അബ്ദുള്‍ ഹക്കിം രണ്ട് മാസം മാത്രമാണുണ്ടായിരുന്നത്.
തുടര്‍ന്ന് എത്തിയ സിപിഎമ്മുകാരനും പഞ്ചായത്ത് സെക്രട്ടറിമാരുടെ അസ്സോസിയേഷന് ഭാരവാഹിയുമായിരുന്ന കെ.കെ. സുബ്രഹ്മണ്യന്, ഭരണകക്ഷിയുടെ സമ്മര്‍ദ്ദം മൂലം ഒരു മാസം ലീവ് എടുക്കുകയും ഒന്‍പത് മാസം കഴിഞ്ഞ് സ്ഥലം മാറി പോവുകയും ചെയ്തു.
പിന്നീട് എത്തിയ എം.എ മീതിയനെ പഞ്ചായത്ത് കമ്മറ്റിയില്‍ വച്ച് ഭരണകക്ഷി അംഗം ആക്ഷേപിക്കുകയും ഓഫീസില്‍ വച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് മൂന്ന് മാസത്തിനുശേഷം സ്ഥലം മാറ്റം വാങ്ങി പോയി. അഞ്ചാമത്തെ സെക്രട്ടറിയായ ജെയിന് വര്‍ഗീസ് പാത്താടന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചാര്‍ജ് എടുത്തെങ്കിലും അദ്ദേഹവും സ്ഥലം മാറിപോക്കാനുള്ള തയ്യാറെടുപ്പിലാണ്.
സിപിഎം ജില്ലാ കമ്മറ്റി അംഗവും കേരളത്തിലെ 941 പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസ്സോസ്സിയേഷന്‍ പ്രസിഡന്റായ അഡ്വ. കെ. തുളസിയാണ് കാലടി പഞ്ചായത്ത് പ്രസിഡന്റ്. അടിക്കടിയുണ്ടാകുന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റം മൂലം 2017-2018 ലെ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാനാവാത്ത അവസ്ഥയാണ്.
എയര്‍പോര്‍ട്ട് റോഡില്‍ പിരാരൂരില്‍ നിയമവിരുദ്ധമായി നിലം നികത്തി പണിത ഗോഡൗണിന് നമ്പര്‍ നല്‍കുന്നതിനും സമാന രീതിയില്‍ മേക്കാലടിയില്‍ പണിതിട്ടുള്ള ഗോഡൗണിന് ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്ത് വൈസ് പ്രസിഡന്റാകാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഭരണകക്ഷിയിലെ മെമ്പറും പ്രസിഡന്റും ചേര്‍ന്ന് സെക്രട്ടറിമാരെ നിര്‍ബന്ധിക്കുന്നതാണ് സ്ഥലം മാറിപ്പോകുവാന് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: