മലപ്പുറം: ഇന്ന് വൃശ്ചികപ്പുലരി, ശരണമന്ത്ര മുഖരിതമായ മണ്ഡലകാലത്തിന് തുടക്കമായി. പ്രത്യേകപൂജകള്‍ക്കും ഭജനകള്‍ക്കും ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഖണ്ഡനാമയജ്ഞത്തിന്റെ നാളുകളാണ് ഇനി.
ശബരിമല തീര്‍ത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളമായ മിനിപമ്പയിലും തിരക്ക് വര്‍ധിക്കും. തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് മണ്ഡല-മകരവിളക്ക് കാലത്ത് മിനിപമ്പയിലെത്തുക. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവാഭാരതിയുടെയും സേവനം മിനിപമ്പയിലുണ്ടാകും.
ആലത്തിയൂര്‍ ഹനുമാന്‍കാവ്, തൃപ്രങ്ങോട് ശിവക്ഷേത്രം, വൈരങ്കോട് ഭഗവതിക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, ചന്ദനക്കാവ്, കാടാമ്പുഴ ഭഗവതീക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം ഇനി ദര്‍ശനത്തിനു തിരക്കേറും.
പൂക്കോട്ടുംപാടം: മണ്ഡലകാല ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. വില്വത്ത് ക്ഷേത്രത്തില്‍ ദിവസവും ഗണപതിഹോമവും ഭഗവത് സേവയും നടത്തും. വില്വത്ത് ഭജനസമിതി ഭജന നടത്തും. അഞ്ചാംമൈല്‍ അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഗണപതിഹോമവും ഭജനയും, 18ന് അഖണ്ഡനാമയജ്ഞവും നടത്തും. തേള്‍പ്പാറ അയ്യപ്പ ക്ഷേത്രത്തില്‍ ദിവസവും പ്രത്യേക പൂജകളും 25ന് അഖണ്ഡനാമയജ്ഞവും നടത്തും. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ ദിവസവും പ്രത്യേക പൂജകള്‍ നടത്തും.
നിലമ്പൂര്‍: നടുവിലക്കളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദിവസവും മണ്ഡലകാല വിളക്ക്, ഭജന, ഭിക്ഷ എന്നിവയും 41നു ദേശവിളക്കും നടത്തും. 19നു മഹാഗണപതിഹോമം നടത്തും.
അകമ്പാടം: മൊടവണ്ണ പൈങ്ങാക്കോട് വിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 27വരെ മണ്ഡലവിളക്ക് ആഘോഷിക്കും. 18ന് അഖണ്ഡനാമയജ്ഞം നടത്തും. പുതിയ നടപ്പന്തലിന്റെ സമര്‍പ്പണം തന്ത്രി കിഴക്കുമ്പാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: