കോഴഞ്ചേരി: കോഴഞ്ചേരിയില്‍ സിപിഎം, സിപിഐ സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്.തെക്കെമലയിലെ സിപിഐ ഓഫീസ് സിപിഎമ്മുകാര്തകര്ത്തു.
സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ബിജിലി പി. ഈശോയ്ക്ക് സാരമായി പരിക്കേറ്റു. സിപിഐ പ്രവര്‍ത്തകനായ സന്തോഷ് കുര്യനും പരിക്കേറ്റു.
ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കു ഗുരുതര മുറിവുള്ളതിനാല്‍ ബിജിലി പി. ഈശോയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കുണ്ട്. ബിജിലിയും സന്തോഷും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തിലേക്കു നീങ്ങിയത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്.
ഇരുപാര്‍ട്ടികളിലും പെട്ടവര്‍ രണ്ടുഭാഗത്തും അണിനിരന്നതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. പരിക്കേറ്റവരെ എത്തിച്ച ജില്ലാ ആശുപത്രിയിലും സിപിഎമ്മുകാരും സിപിഐക്കാരും തമ്മിലേറ്റുമുട്ടി. ആശുപത്രിയില്‍നിന്നും അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് അക്രമികളെ തുരത്തിയത്.
തെക്കേമലയിലെ സിപിഐ ഓഫീസിനു നേരെരാത്രിയില്‍ ആക്രമണമുണ്ടായി. ഓഫീസിനുള്ളില്‍ കടന്നുകയറിയവര്‍ ഫര്‍ണിച്ചറുകളും കൊടികളുള്പ്പെടെയുള്ളവയും നശിപ്പിച്ചു. രണ്ടാംനിലയിലെ ഓഫീസില്‍ നിന്ന് ഇവ റോഡിലേക്കു വലിച്ചിട്ടു നശിപ്പിക്കുകയായിരുന്നു. സിപിഐ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട ഫ്ളക്സുകളും കൊടികളുമാണ് നശിപ്പിച്ചവയിലേറെയും.
സിപിഎമ്മിന്റെ ഫ്ളക്സ് ബോര്‍ഡുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. രാത്രിയില്‍ തുടങ്ങിയ സംഘര്‍ഷം പുലര്‍ച്ച വരെയും തുടരുകയായിരുന്നു. കോഴഞ്ചേരി ടൗണിലും പരിസരത്തും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെ പേരിലും പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളിലുംപെട്ട നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി പറയുന്നു.
കോഴഞ്ചേരിയിലെ സിപിഐ – സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ തമ്മില്‍ ഏറെനാളായി തുടരുന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 2015ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അകല്‍ച്ചയിലാണ്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സിപിഐ ഇടതുമുന്നണിക്കു പുറത്തുനിന്നാണ് മത്സരിച്ചത്. പഞ്ചായത്ത് ഇടതുഭരണത്തിലാണെങ്കിലും ഇരുപാര്‍ട്ടികളുമായി തര്‍ക്കങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: