ബീജിങ്: ക്രിസ്തുവും കുരിശും ബൈബിള്‍ വചനങ്ങളുമൊന്നുമല്ല, ചൈനയില്‍ എല്ലാം ശരിയാക്കുന്നത് പ്രസിഡന്റ് സീ ജിന്‍പിങ്ങാണ്. കമ്യൂണിസ്റ്റ് ചൈനയുടെ ഏകാധിപതിയായി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ച സീ, ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് രാജ്യത്തെ പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളെ. ദാരിദ്ര്യത്തില്‍ ആശ്വാസം തേടേണ്ടത് ക്രിസ്തുവിലും കുരിശിലുമല്ല സീയിലാണെന്ന് സീയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ പഠിപ്പിക്കുന്നു.
ജിയാങ്‌സി പ്രവിശ്യയിലെ യുഗാന്‍ കൗണ്ടിയിലെ ക്രിസ്ത്യന്‍ വീടുകളില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രങ്ങളും കുരിശും ബൈബിള്‍ വചനങ്ങളും നീക്കി സീ ജിന്‍പിങ്ങിന്റെ ചിത്രം വയ്‌ക്കാന്‍ പ്രാദേശിക ഭരണകൂടവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും നിര്‍ദേശം നല്‍കി. ഇതനുസരിച്ച് 600 കുടുംബങ്ങള്‍ സീയുടെ ചിത്രം വച്ചു.
ഏകദേശം 1,000 ചിത്രങ്ങള്‍ ഈ മേഖലയില്‍ വിതരണം ചെയ്തുവെന്നും വാര്‍ത്ത പുറത്തുവിട്ട ഹോങ്കോങ്ങില്‍ നിന്നുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രം പറയുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായാണ് നടപടി. ചൈനയിലെ ഏറ്റവും ദരിദ്രമായ മേഖലയാണിത്. ഇവിടെ ഭൂരിഭാഗവും ദാരിദ്യരേഖയ്‌ക്ക് താഴെ. ജനസംഖ്യയില്‍ 10 ശതമാനം ക്രിസ്ത്യാനികള്‍. അവരെയാണ് നിര്‍ബന്ധിച്ച് വിശ്വാസങ്ങളില്‍ നിന്ന് അകറ്റുന്നത്.
ഇക്കാര്യം പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്റെ ചുമതലയുള്ള ക്വി യാന്‍ സ്ഥിരീകരിച്ചു. ഇവിടെ കൂടുതല്‍ പേരും ദാരിദ്ര്യത്താല്‍ അസുഖബാധിതരാണ്. അവര്‍ ആശ്രയിക്കുന്നത് ക്രിസ്തുവിനെ. ക്രിസ്തുവിനും കുരിശിനും അവരെ രക്ഷിക്കാനാകില്ലെന്ന് ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അവര്‍ക്കതു മനസിലായി. സീയുടെ പടം വച്ചു, ക്വി ന്യായീകരിച്ചു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെയാണ് ചൈനയില്‍ സീ ജിന്‍പിങ് എതിരില്ലാത്ത നേതാവായി മാറിയത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പാര്‍ട്ടി നയങ്ങളിലും ഉള്‍പ്പെടുത്തി. ഭരണത്തിലും പാര്‍ട്ടിയിലും അധീശത്വം ഉറപ്പിക്കുന്ന നടപടികളും കോണ്‍ഗ്രസിലുണ്ടായി.
















