മാനന്തവാടി: ജയില്‍ അന്തേവാസികളുടെ മന: പരിവര്‍ത്തനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും നടത്തി വരുന്ന ജയില്‍ ക്ഷേമദിനാഘോഷം മാനന്തവാടി ജില്ലാ ജയിലില്‍ നവംബര്‍ 16 മുതല്‍ 22 വരെ നടക്കും. ജയില്‍ അന്തേവാസികളുടെ മാനസീക പിരിമുറുക്കം ലഘൂകരിക്കുക, സാമൂഹിക ബോധം വളര്‍ത്തുക, സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങയ പ്രവര്‍ത്തനങ്ങളിലൂടെ അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുക, അതുവഴി ജയില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനം 16 ന് വൈകുന്നേരം 4 ന് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ ഉമേഷ് എന്‍ എസ് കെ അധ്യക്ഷനാകും. സ്പെഷ്യല്‍ ജഡ്ജ് പി സെയ്തലവി മുഖ്യപ്രഭാഷണം നടത്തും. 17 ന് രാവിലെ ഒമ്പതരയ്ക്ക് മോട്ടിവേഷന്‍ ക്ലാസ് സൗഹൃദത്തിന്റെ മാസ്മരികത സ്പെഷ്യല്‍ ജഡ്ജ് പി സെയ്തലവി ഉദ്ഘാടനം ചെയ്യും. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ലിയോ ജോണി പുല്‍പ്പള്ളി വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 മുതല്‍ ജയില്‍ അന്തേവാസികളുടെ കാലാമത്സരങ്ങള്‍ നടക്കും. 18ന് രാവിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.19 ന് രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന ചലച്ചിത്രമേള മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ കെ ജോണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മുതല്‍ ജീസസ് ഫ്രെട്ടേണിറ്റി വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നിറമുള്ള സ്വപനങ്ങള്‍ കലാപ്രകടനങ്ങള്‍ നടക്കും. 20 ന് മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. തുടര്‍ന്ന് കാത്തിരിക്കുന്ന കുടുംബം ബോധവല്‍ക്കരണ ക്ലാസ് മാനന്തവാടി ഡി വൈ എസ് പി ഇ ജെ ദേവസ്യ ഉദ്ഘാടനം ചെയ്യും. ഫാ ബിജോ കറുകപ്പള്ളി വിഷയാവതരണ൦ നടത്തും. 21 ന് രാവിലെ നന്മപൂക്കുന്ന മരം വ്യക്തിത്വ വികസന ക്ലാസ് അഡ്വ ശ്രീകാന്ത് പട്ടയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ ഒ ടി ജെയിംസ് മാനന്തവാടി വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന മെഡിക്കല്‍ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ബി ജിതേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സന്തോഷ് വിഷയാവതരണം നടത്തും. സമാപന ദിവസമായ 22 ന് രാവിലെ മുതല്‍ ചലച്ചിത്രമേള തുടര്‍പ്രദര്‍ശനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: