തിരുവനന്തപുരം: തങ്ങള്‍ക്കു ജീവിക്കാനോ മൂന്നുനേരം ഭക്ഷണത്തിനോ മരുന്നിനോ നിവൃത്തിയില്ലെന്നു പറഞ്ഞ് അന്തരിച്ച മേജര്‍ കെ. മനോജ് കുമാറിന്റെ അച്ഛനും അമ്മയും കൈകൂപ്പി, നിറകണ്ണുകളോടെ വനിതാ കമ്മീഷനു മുന്നില്‍. അമ്മ ഭാരതി പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്നോണം ഭര്‍ത്താവ് എന്‍. കൃഷ്ണന്‍ ഭാരതിയുടെ കൈപിടിച്ചുവെങ്കിലും അദ്ദേഹവും വിങ്ങിപ്പോയി.
2016 ല്‍ മഹാരാഷ്‌ട്രയിലെ പുല്‍ഗാവിലുള്ള കേന്ദ്ര ആയുധസംഭരണ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിലാണ് മേജര്‍ കെ. മനോജ് കുമാര്‍ വീരമൃത്യു വരിച്ചത്. ഇതേത്തുടര്‍ന്ന് 60 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍ മേജറിന്റെ കുടുംബത്തിനു ലഭിച്ചു. ഇതില്‍ ഭാര്യയ്‌ക്കും മകനും 20,10,000 രൂപ വീതവും 19,80,000 രൂപ അച്ഛനമ്മമാര്‍ക്കുമാണ് അനുവദിച്ചത്. വൃദ്ധരായ അച്ഛനും അമ്മയ്‌ക്കും ഈ തുക ലഭിക്കണമെങ്കില്‍ മരുമകള്‍ ബീനയുടെ ഒപ്പു വേണം. പലവട്ടം മരുമകളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഒപ്പിടാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ഇനിയൊരിക്കലും ഈ ആവശ്യവും പറഞ്ഞു തന്നെ ബുദ്ധിമുട്ടിക്കരുതെന്നാണ് മറുപടിയെന്നും ഭാരതി പറഞ്ഞു. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശികളായ ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം തിരുമലയില്‍ വാടകയ്‌ക്കു താമസിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 5000 രൂപയും കൃഷ്ണനു ലഭിക്കുന്ന തുച്ഛമായ പെന്‍ഷനുമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മരുമകള്‍ എത്താത്തതിനാല്‍ അദാലത്തില്‍ തീരുമാനമുണ്ടായില്ല. മനോജ് കുമാര്‍ സേവനമനുഷ്ഠിച്ചിരുന്ന ആര്‍മി ഓഫീസിലേക്ക് അപേക്ഷ നല്‍കി അവര്‍ക്ക് അര്‍ഹതപ്പെട്ട തുക നേടുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.
















