കൊച്ചി: കളിപ്പാട്ടങ്ങളും തൊട്ടിലുകളുമായി ശിശുദിനത്തില്‍ കുട്ടികള്‍ക്കായി പോലീസുകാരുടെ സമ്മാനം. പോലീസിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി കുഞ്ഞുങ്ങളെ മാമൂട്ടുന്ന അമ്മമാര്‍ ഇനി കഷ്ടപ്പെടേണ്ടിവരും.
കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലാണോ പോലീസ് സ്റ്റേഷനാണോയെന്ന് സംശയിക്കും. പോലീസ് സ്റ്റേഷന്റെ മതിലുകളില്‍ ഛോട്ടാബീമും ഡോറയുമാണ് താരങ്ങള്‍. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മിക്കി മൗസും സ്പൈഡര്‍മാനും ടോം ആന്‍ഡ് ജെറിയും നമ്മെ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ മനം കവരാന്‍ കേരളാ പോലീസിന്റെ ചില പൊടികൈകളും. ഇവയിലൊന്നും വീഴാത്തവര്‍ക്കായി കളിപ്പാട്ടങ്ങളും വണ്ടികളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് മാത്രമായി മുറിയും അതില്‍ ടിവിയും ബാലമാസികകളും കട്ടില് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പോലീസുകാര്‍ക്ക് അവബോധം നല്‍കുന്നതിനായി പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് ദിവസത്തെ പരിശീലന ക്ലാസ്സ് നല്‍കിയിരുന്നു.
കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു.
കുഞ്ഞുങ്ങളുമായി സൗഹൃദം സ്ഥാപിച്ചാണ് വിവിധ ജില്ലകളിലായി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ രൂപികരിച്ചിരിക്കുന്നത്. 2008ലെ ജനമൈത്രി പോലീസ് സ്റ്റേഷന് എന്ന ആശയത്തിനു പിന്നാലെയാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ എന്ന ആശയവും ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: