തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിയില്‍ ഡിെവെഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്ന സിസിടിവി ദ്യശ്യം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നു. ആശുപത്രിയിലെ സിസിടിവി ദ്യശ്യം സിഡിയില്‍ ആക്കി സ്റ്റേഷനില്‍ എത്തിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കാമെന്നാണ് ഫോര്‍ട്ട് എസ്‌ഐ ഷാജിമോന്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇതനുസരിച്ച് ആശുപത്രി അധികൃതര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിഡിയില്‍ പകര്‍ത്തി ഫോര്‍ട്ട് പോലീസിന് കൈമാറി. എന്നാല്‍ അക്രമികളെ പിടികൂടാന്‍ യാതൊരു നീക്കവും നടത്തിയില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്നെന്ന ആരോപണം ഇതോടെ ശക്തമായി.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഡിെവെഎഫ്‌ഐ സംഘം ആശുപത്രി ആക്രമിച്ചത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്. മരുതൂര്‍ക്കടവിലെ ഡിെവെഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടും നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ല. പകരം മണിക്കൂറുകള്‍ക്കകം മരുതൂര്‍ക്കടവില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു. ഇതോടെ അക്രമികള്‍ക്ക് വേണ്ട ഒത്താശ പോലീസ് ചെയ്യുകയാണെന്നും ആക്ഷേപമുയര്‍ന്നു.
















