തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഉപരോധത്തില്‍ സെകട്ടേറിയറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു. മന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉപരോധത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. കുട്ടനാടന്‍ പാടത്തും മാര്‍ത്താണ്ഡം കായല്‍പ്പരപ്പിലും കര്‍ഷകര്‍ക്ക് വേണ്ടി സിപിഎം പാടിയ പാട്ടുകള്‍ നേതാക്കള്‍ മറന്നുപോയോ എന്നും ആലപ്പുഴ ജില്ലയില്‍ നിന്നെത്തിയ നേതാക്കള്‍ ചോദിച്ചു.
എന്‍സിപിയെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ചോദിച്ചു. എന്‍സിപി എന്നത് മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശങ്ങളും മുഖ്യമന്ത്രി വിശ്വസിക്കുന്നില്ല എന്നാണ് മന്ത്രിയെ സംരക്ഷിക്കുന്നതിലൂടെ മനസ്സിലാക്കുന്നത്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ മാഫിയ നേതാക്കളായി മാറിയിരിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
കളക്ടര്‍ക്ക് നിയമം അറിയില്ലേയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സൗത്ത് ഗേറ്റിലെ ഉപരോധത്തില്‍ സംസാരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. എന്‍സിപി നേതാക്കള്‍ തോമസ് ചാണ്ടിയുടെ പോക്കറ്റിലാണ്. മന്ത്രിയുടെ രാജിതീരുമാനം എന്‍സിപി തീരുമാനിക്കും എന്ന് പറയുന്നതിനെക്കാള്‍ നല്ലത് തോമസ് ചാണ്ടി തീരുമാനിക്കും എന്ന് പറയുന്നതായിരിക്കും നല്ലത്. തോമസ് ചാണ്ടിയുടെ കേസ് വാദിക്കാന്‍ ദല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ വരുന്നുണ്ട്. ഹൈക്കോടതിയില്‍ എതിര്‍വാദം നടത്തേണ്ടത് സര്‍ക്കാര്‍ അഭിഭാഷകനും. സര്‍ക്കാരിനെതിരെ മന്ത്രിതന്നെ രംഗത്തുവരുന്ന അപൂര്‍വ സംഭവവികാസങ്ങളാണ് നടക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.
















