റാഖ: സിറിയയിൽ ഐഎസ് വീണ്ടും ശക്തി പ്രാപിക്കുന്നു. ഭീകരരെ തുരത്തിയെന്ന് അവകാശപ്പെട്ട സൈന്യത്തെ നിരുപാധികം കൊന്നൊടുക്കുകയാണ് ഐഎസ്. അടുത്തിടെ സിറിയയിലെ അതിർത്തിയും ഐഎസിന്റെ ശക്തി കേന്ദ്രവുമായ അൽബു കമൽ പട്ടണം സൈന്യം പിടിച്ചടക്കിയെങ്കിലും ഐഎസ് ഒളിയാക്രമണത്തിലൂടെ സൈന്യത്തെ ഓടിക്കുകയായിരുന്നു.
ഇറാഖിന്റെ അതിര്‍ത്തിയില്‍ യൂഫ്രട്ടീസ് നദീതീരത്തുള്ള അല്‍ബു കമല്‍ പിടിക്കാനുള്ള പോരാട്ടത്തില്‍ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചിരുന്നു. എന്നാല്‍ കനത്ത പോരാട്ടത്തില്‍ അല്‍ബു കമലില്‍നിന്ന് സൈന്യം പിന്‍വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മേഖലയിലെ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനകളും പ്രദേശവാസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മരുഭൂമിയിലേക്കു ഭീകരരെ തുരത്തിയെന്നായിരുന്നു സൈന്യത്തിന്റെ വാദം. ഇവരെ സൈന്യം പിന്തുടരുകയും ചെയ്തു. എന്നാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അപ്രതീക്ഷിത ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ബു കമലില്‍ നിന്ന് ഐഎസിനെ തുരത്തിയെന്നും ഒട്ടേറെ ഭീകരര്‍ കീഴടങ്ങിയെന്നും സിറിയന്‍ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തോളം ഈ നഗരം ഐഎസിന്റെ പിടിയിലായിരുന്നു.
















