സാങ്കേതിക ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്വകാര്യ വാഴ്സിറ്റികളായ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി), അമൃത വാഴ്സിറ്റികളുടെ വിവിധ കാമ്പസുകളിലായി 2018 വര്‍ഷം നടത്തുന്ന നാലുവര്‍ഷത്തെ റഗുലര്‍ ബിടെക് കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന എന്‍ജിനീയറിംഗ് ശാഖകളില്‍ ഗുണനിലവാരത്തോടെയുള്ള വിദ്യാഭ്യാസമാണ് ഈ വാഴ്സിറ്റികളില്‍ ലഭിക്കുക. മികച്ച ആധുനിക പഠനസൗകര്യങ്ങള്‍ കാമ്പസുകളിലൊരുക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് ഇവിടെ എന്‍ജിനീയറിംഗ് പഠനത്തിനെത്തുന്നത്.
VITEEE-2018-:- വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന് ഏപ്രില്‍ 4 മുതല്‍ 15 വരെ ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. വിഐടിക്ക് വെല്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, അരമാവതി എന്നിവിടങ്ങളിലാണ് കാമ്പസുകളുള്ളത്. ഇവിടെ നടത്തുന്ന ബിടെക് റെഗുലര്‍ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണിത്. ഇതിലേക്കുള്ള രജിസ്ട്രേഷന് നവംബര്‍ 9 മുതല്‍ സ്വീകരിച്ചുതുടങ്ങി. അപേക്ഷ ഓണ്‍ലൈനായി www.vit.ac.in- എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 1150 രൂപ. ഓഫ്ലൈനായും അപേക്ഷിക്കാം. ഓഫ്ലൈന് അപേക്ഷാഫോറം 1200 രൂപക്ക് തെരഞ്ഞെടുത്ത പോസ്റ്റാഫീസുകള്‍ വഴി വിതരണം ചെയ്യും. പോസ്റ്റാഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്.
അപേക്ഷാര്‍ത്ഥികള്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കില്‍ ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ (എസ്സി/എസ്ടിക്കാര്‍ക്ക് 50 % മതി) കുറയാതെ നേടി വിജയിച്ചിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഫെബ്രുവരി വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം.
എന്‍ട്രന്‍സ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങളില്‍ അറിവ് പരിശോധിക്കുന്ന 125 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് ടെസ്റ്റ് ഓരോ ദിവസവും 3 സെഷനുകളായിട്ടാണ് നടത്തുക. രാവിലെ 9-11.30, 12.30-3.00, 4-6.30. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
വിഐടി കാമ്പസുകളില്‍ ബിടെക്കിന് ലഭ്യമായ ബ്രാഞ്ചുകള്‍: സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫോറന്‍സിക് സൈബര്‍ സെക്യൂരിറ്റി, എംബഡഡ് സിസ്റ്റംസ്, ഡാറ്റാ അനലിറ്റിക്സ്, നെറ്റ്വര്ക്കിംഗ് ആന്റ് സെക്യൂരിറ്റി, വിഎല്‍എസ്ഐ, ബയോടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, സെന്‍സേഴ്സ് ആന്റ് വെയറബിള്‍ ടെക്നോളജി, ഐടി, മെക്കാനിക്കല്‍, ഓട്ടോമോട്ടീവ് എന്‍ജിനീയറിംഗ്, എനര്‍ജി എന്‍ജിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍. കൂടുതല്‍ വിരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.vit.ac.in.
AEEE 2018-: അമൃത വാഴ്സിറ്റിയുടെ കോയമ്പത്തൂര്‍ (ഏറ്റിമടൈ), ബംഗളൂരു, അമൃതപുരി എന്നിവിടങ്ങളിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലാണ് ബിടെക് കോഴ്സുള്ളത്. അമൃത എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്. രണ്ട് തരത്തിലാണ് ടെസ്റ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റും പെന്‍ ആന്റ് പേപ്പര്‍ ടെസ്റ്റും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ഏപ്രില്‍ 19-22 വരെ നടക്കും. പെന്‍/പേപ്പര്‍ ടെസ്റ്റ് ഏപ്രില്‍ 28 നാണ്. ടെസ്റ്റ് ഷെഡ്യൂള്‍ വെബ്സൈറ്റിലുണ്ട്. ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഓണ്‍ലൈനായോ ഒഎംആര്‍ അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചോ അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 15 മുതല്‍ അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫീസ് 1000 രൂപ. ഒഎംആര്‍ അപേക്ഷാഫോറം തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റാഫീസുകള്‍, ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകള്‍ വഴി വിതരണം ചെയ്യും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
അപേക്ഷകര്‍ 1977 ജൂലൈ ഒന്നിനോ അതിനുശേഷം ജനിച്ചവരോ ആകണം. പ്ലസ്ടു/തുല്യ ബോര്‍ഡ് പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെയും ഓരോ വിഷയത്തിനും 55 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. 2018 മാര്‍ച്ച്/ഏപ്രിലില്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് ഒരു ദിവസം 3 ടൈംസ്ലോട്ടുകള് ലഭ്യമാകും. പെന്‍ ആന്റ് പേപ്പര്‍ ടെസ്റ്റ് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 മണിവരെയാണ്. കേരളത്തില്‍ ആലപ്പുഴ, അമൃതപുരി, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോഡ്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൊടുപുഴ, തൃശൂര്‍ എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും.
അമൃതയില്‍ ബിടെക് കോഴ്സില്‍ ലഭ്യമായ ബ്രാഞ്ചുകള്‍- ഏയ്റോസ്പേസ്, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും www.amrita.edu എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: