ലാഹോര്‍: പാക്കിസ്ഥാനെ പഞ്ചാബ് പ്രവിശ്യയിലുള്ള ഗുരുനാനാക് ദേവിന്റെ ജന്മസ്ഥലത്ത് ആരാധനയ്‌ക്കായി ഇന്ത്യയില്‍ നിന്നെത്തിയ സിഖ് തീര്‍ഥാടകര്‍ മടങ്ങി. ഗുരുനാനാക്കിന്റെ 549-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് 2,361 സിഖ് തീര്‍ഥാടകരാണ് പാക്കിസ്ഥാനിലെത്തിയത്.
പഞ്ചാബ് പ്രവിശ്യയിലെ നന്‍കാനാ സാഹ്ബിലെ ഗുരു നാനാക്കിന്റെ ജന്മസ്ഥലത്തെ ആഘോഷങ്ങളിലും പ്രത്യേക ആരാധനാ ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തു. പ്രത്യേക തീവണ്ടികളിലാണ് ഇവര്‍ ഇന്ത്യയിലേക്കു മടങ്ങിയത്. ഈ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ സിദ്ദിഖുള്‍ ഫറൂഖിന്റെ നേതൃത്വത്തില്‍ സിഖ് തീര്‍ഥാടകര്‍ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി.
ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പത്തു ദിവസം ഇവര്‍ പാക്കിസ്ഥാനില്‍ ചെലവഴിച്ചു. സിഖ് മതവുമായി ബന്ധപ്പെട്ട പഞ്ചാബ് പ്രവിശ്യയില്‍ നിലവിലുള്ള ആരാധാനലയങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.
















