കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുളള 55 മത്സ്യബന്ധനത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. സമുദ്രസുരക്ഷയ്‌ക്കുള്ള പാക് സേനയാണ് ഇവരെ പിടികൂടിയത്. ഒന്‍പത് ബോട്ടുകളും പിടിച്ചെടുത്തു.
അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇന്ത്യക്കാരെയാണ് പാക് സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസത്തിടെയാണ് ഒന്‍പതു ബോട്ടുകള്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
സ്പീഡ് ബോട്ടുകളില്‍ എത്തിയ പാക് സേനാംഗങ്ങള്‍ ഇവരെ പിടികൂടി ചോദ്യം ചെയ്ത ശേഷം പോലീസിനു കൈമാറി. പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മുന്‍പ് അറസ്റ്റ് ചെയ്ത 68 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ കഴിഞ്ഞ മാസം 29 പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.
















