ദുബായ്: പ്രധാനപ്പെട്ട വാതക പൈപ്പിലുണ്ടായ സ്‌ഫോടനം ഭീകര അട്ടിമറി ശ്രമമെന്നും പിന്നില്‍ ഇറാനെന്നും ആരോപിച്ച് ബഹ്‌റിന്‍ രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബഹ്‌റിന്റെ പ്രധാന ഗ്യാസ് ലൈനിന്റെ മനാമയിലെ ബുരി ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍, ഈ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ഇറാന്റെ വിശദീകരണം.
ഇതൊരു ഭീകരാക്രമണമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അട്ടിമറി ശ്രമമാണ്. ഇറാന്റെ നേരിട്ടുള്ള അറിവോടെയാണ് ഈ നീക്കം, ബഹ്‌റിന്‍ ആഭ്യന്തര മന്ത്രി ഷെയിഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ പറഞ്ഞു.
എന്നാല്‍, ബഹ്‌റിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ചെറിയ കാര്യങ്ങള്‍ക്ക് കുട്ടികള്‍ പരാതി പറയുന്നതു പോലെയാണ് അവര്‍ സംസാരിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്‌റാം ഖ്വാസെമി പ്രതികരിച്ചു.
















