തിരുന്നാവായ: തിരുന്നാവായക്ക് ചരിത്ര സാംസ്കാരിക പൈതൃക സമ്പത്ത് മാത്രമല്ലെന്നും അപൂര്‍വ്വ ജൈവ സമ്പന്ന മേഖലകൂടിയാണെന്ന് പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്ക്- 2 ന്റെ ഭാഗമായി നടന്ന പക്ഷി നിരീക്ഷണ റിപ്പോര്‍ട്ട് അവതരണത്തില്‍ പ്രഗത്ഭ പക്ഷി നിരീക്ഷകരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ 60 ലധികം തരം പക്ഷികളെയാണ് നിരീക്ഷകര്‍ തിരുന്നാവായയുടെ നിര്‍ദ്ദിഷ്ഠ മേഖലകളില്‍ നിന്ന് രേഖപ്പെടുത്തിയത്. ഇതോടൊപ്പം വംശനാശം നേരിടുന്ന തുമ്പികളെയും നിരവധി പൂമ്പാറ്റകളെയും കണ്ടെത്താന്‍ കഴിഞ്ഞതായും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. ഒരു മരത്തില്‍ തന്നെ 20 ഓളം ഇനം പക്ഷികളെ കാണാന്‍ കഴിഞ്ഞതും, വ്യത്യസ്ത ഇനം പക്ഷികളെ കൂട്ടത്തോടെ ഇടകലര്‍ന്ന് കാണാന്‍ കഴിഞ്ഞതും ഇവിടത്തെ പ്രത്യേകതകളായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പക്ഷികള്‍ ധാരാളമായി ചേക്കേറുന്ന പ്രാദേശിക ഫലവൃക്ഷങ്ങള്‍ ഇവിടങ്ങളില്‍ നട്ടുവളര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.രാവിലെ 6 മണി മുതല്‍ ഡോ.സഹീര്‍, ഡോ. ആദില്‍ നെഫര്, ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍, എം.സാദിഖ് തിരുന്നാവായ, നജീബ് പുളിക്കല്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.നിരീക്ഷണം ഇന്നും തുടരും.
പക്ഷികളുടെ എണ്ണം, ഇനം, ആവാസ വ്യവസ്ഥ, ശാസ്ത്രീയ വശങ്ങള് അടങ്ങിയ റിപ്പോര്‍ട്ട് തിരുന്നാവായ ഗ്രാമ പഞ്ചായത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുന്നാവായയെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നുള്ള നടപടികള്‍ക്ക് തുടക്കമാകും. നവാമുകുന്ദ ക്ഷേത്രം സത്രം ഹാളില്‍ നടന്ന ഡോ.സാലിം അലി അനുസ്മരണവും ഗ്രൂപ്പ് ചര്‍ച്ചയും ഡോ.ആദില്‍ നെഫര് ഉദ്ഘാടനം ചെയ്തു. റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ അദ്ധ്യക്ഷനായി. ഇന്ന് രാവിലെ പക്ഷി നിരീക്ഷണവും കണക്കെടുപ്പും തുടര്‍ന്ന് വാളക്കുളം കെഎംഎച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സും നിരീക്ഷണവും ബോധവല്കരണ റാലിയും ഗ്രീന്‍ അസംബ്ലിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: