കൊച്ചി: ബുധനാഴ്ച ഖത്തറില്‍ നിന്നെത്തിയ ദമ്പതിമാരുടെ നാല് ബാഗുകളിലെ സാധനങ്ങള്‍ മോഷണം പോയത് കൊച്ചി വിമാനത്താവളത്തില്‍ നിന്നല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. പരാതിക്കാരുടേയും പോലീസിന്റേയും സാന്നിദ്ധ്യത്തില്‍ സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഇക്കാര്യം തെളിഞ്ഞത്.
ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയില്‍ നിന്ന് കൊച്ചിയിലെത്തിയ ചാക്കോ കുര്യന്-എലിക്കുട്ടി ദമ്പതിമാരുടെ നാല് ബാഗുകളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, മദ്യം, വാച്ചുകള്‍ എന്നിവയുള്‍പ്പെടെ നഷ്ടപ്പെട്ടെന്നും സിയാലിനും നെടുമ്പാശ്ശേരി പോലീസിനും പരാതി നല്‍കിയിരുന്നു. 3,437 ഡോളറിന്റെ മൂല്യമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.
ഓര്‍ലാന്‍ഡോ, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ദോഹ എന്നിവടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ മാറിക്കയറിയാണ് ദമ്പതിമാര്‍ കൊച്ചിയിലെത്തിയത്. ബാഗുകളുമായി വീട്ടിലെത്തിയശേഷമാണ് കൊള്ളയടിക്കപ്പെട്ടതായി മനസ്സിലായത്. അമേരിക്കന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശമനുസരിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പൂട്ട് വേണം ബാഗേജുകളില്‍ ഉപയോഗിക്കാന്‍. ഇത് ലഭ്യമല്ലങ്കില്‍ ബാഗുകള്‍ പൂട്ടാന്‍ പാടില്ലെന്നാണ് നിയമം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗവും പോലീസും സംയുക്തമായി അന്വേഷണം തുടങ്ങി. രാജ്യാന്തര ടെര്‍മിനലായ ടി-3-യില്‍ ബാഗുകള്‍ നീങ്ങുന്ന ഭാഗത്ത് മാത്രം 3600 ക്യാമറകളുണ്ട്. സിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘവും നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ഹാരൂണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: