പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടുള്ള സര്‍ക്കാര്‍അവഗണനയ്‌ക്കെതിരെ വൃശ്ചികം ഒന്നിന് പമ്പയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു.
അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗുരുതരമായ വീഴ്‌ച്ചവരുത്തി. ശബരിമല മാസ്റ്റര്‍പ്ലാന്‍, പമ്പാ ആക്ഷന്‍പ്ലാന്‍, കുന്നാര്‍ഡാം ഉയരംകൂട്ടല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം പ്രവര്‍ത്തനസജ്ജമാക്കല്‍, ശൗചാലയ നവീകരണം ഇതെല്ലാം പാതിവഴിയിലാണ്.
ഭക്തജനങ്ങള്‍ക്കും ഭക്തജനസംഘടനകള്‍ക്കും ശബരിമല തീര്‍ത്ഥാടന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല. അവലോകന യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജന സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറാവണമെന്നും ബിജു ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരന്‍, പി.വി. മുരളീധരന്‍ സംസ്ഥാനസമിതിയംഗം അമ്പോറ്റി കോഴഞ്ചേരി എന്നിവരും പങ്കെടുത്തു.
















