കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് എതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതിക്ക് പുറത്ത് കേസില്‍ തീര്‍പ്പായെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
ഗുരുതരമായ ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവച്ചത്. പ്രശ്‌നപരിഹാരത്തിന് സമീപിച്ച സ്ത്രീയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെതുടര്‍ന്നാണ് എന്‍സിപി ദേശീയ സമിതിയംഗം കൂടിയായി ശശീന്ദ്രന് ഒഴിയേണ്ടി വന്നത്. ഇതു സംബന്ധിച്ച കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായാണ് എ.കെ ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയതെന്നായിരുന്നു മാര്‍ച്ച് 26ന് സംഭാഷണം പുറത്തുവിട്ടുകൊണ്ട് ചാനല്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ ശശീന്ദ്രന്‍ രാജിവച്ചു. ഇതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മാപ്പ് അപേക്ഷിച്ച് ചാനല്‍ സിഇഒ അജിത് കുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
















