തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ നവംബര്‍ 11 ന് തിരുവനന്തപുരത്ത് ചലോകേരള മാര്‍ച്ച് നടത്തുമെന്ന് ദേശീയനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ അണിചേരും. സിപിഎമ്മിനോട് അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്്.
മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എസ്എഫ്‌ഐയും സിപിഎമ്മും സംസാരിക്കുമ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. കേരളത്തിലെ 64 കോളേജുകളില്‍ എസ്എഫ്‌ഐ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും കോളേജുകളില്‍ വ്യാപകഅക്രമവും എസ്എഫ്‌ഐ നടത്തുന്നു.
ഇതെല്ലാം മറച്ചുവച്ചാണ് മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എസ്എഫ്‌ഐ വാചാലമാകുന്നതെന്ന് എബിവിപി ദേശീയസെക്രട്ടറി വിനയ് ബിദ്ര പറഞ്ഞു. എബിവിപി മാത്രമല്ല മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐ ഭീഷണി നേരിടുന്നുണ്ട്. ഇവര്‍ക്കൂകൂടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്നും വിനയ്ബിദ്ര കൂട്ടിച്ചേര്‍ത്തു.
















