തിരുവനന്തപുരം: എബിവിപി സംഘടിപ്പിക്കുന്ന ചലോ കേരളാ മഹാറാലിയില്‍ പങ്കെടുക്കാന്‍ ജമ്മുകാശ്മീരില്‍ നിന്നുള്ള സംഘം ഇന്ന് രാത്രി 9 ന് തലസ്ഥാനത്ത് എത്തും. ഇവരെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് എബിവിപി കേരളാ ഘടകം ഒരുക്കിയിരിക്കുന്നത്. ഹിമസാഗര്‍ എക്‌സ്പ്രസ്സില്‍ രാത്രി ഏഴരയോടെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സംഘത്തെ ബാന്‍ഡ് മേളം, നാസിക്‌ഡോള്‍ എന്നിവയുടെ അകമ്പടിയോടെയാണ് എതിരേല്‍ക്കുന്നത്. 200 ഓളം പേരാണ് കാശ്മീരി സംഘത്തിലുള്ളത്. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നവരെ കേരളീയ വേഷമണിഞ്ഞ പെണ്‍കുട്ടികള്‍ പൂച്ചെണ്ടുകള്‍ നല്‍കി ശ്രീപത്മനാഭന്റെ മണ്ണിലേക്ക് ആനയിക്കും. തുടര്‍ന്ന് പ്രകടനമായി താമസസ്ഥലത്തേക്ക് പോകും.
മഹാറാലി നടക്കുന്ന 11 ന് രാവിലെ 10 ന് പട്ടം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ നിന്ന് രണ്ടുറാലികള്‍ ആരംഭിക്കും. തുടര്‍ന്ന് എല്‍എംഎസ് ജംഗ്ഷനില്‍ ഇരുറാലികളും സംയോജിച്ച് മഹാറാലിയായി പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിചേരും. 11.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എബിവിപി അഖിലേന്ത്യ അധ്യക്ഷന്‍ നാഗേഷ് ഠാകൂര്‍, വിവിധ ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍, ബലിദാനികളുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി പരസ്യവിചാരണ ചെയ്യും. റണ്‍ഫോര്‍ ഡെമോക്രസി, ബലിദാനികളുടെ ഓര്‍മയ്‌ക്കായി ദീപം തെളിക്കല്‍ തുടങ്ങിയ പരിപാടികളും റാലിക്ക് മുന്നോടിയായി എബിവിപി സംഘടിപ്പിക്കും.
















