റാഖ: സിറിയയിൽ ഐഎസ് പരാജയത്തിന്റെ വക്കിലെത്തിയതായി റിപ്പോർട്ടുകൾ. സിറിയയിലെ ദെയോർ ഇസോർ പ്രവിശ്യയിലെ അവസാന പട്ടണമായ അൽബു കമാലിയും സിറിയൻ പട്ടാളം കീഴടക്കാൻ പോകുന്നതായി സനാ വാർത്ത ഏജൻസി വ്യക്തമാക്കി. റാഖ കീഴടക്കിയതിനു ശേഷം സൈന്യം നേടുന്ന ഏറ്റവും വലിയ വിജയമായിരിക്കും അൽബു കമാലിൽ സിറിയൻ സൈന്യം നേടാൻ പോകുന്നത്.
പ്രദേശം സൈന്യത്തിന്റെ കൈകളിൽ തിരികെ എത്തിയെങ്കിലും അവസാനിക്കുന്ന ഐഎസ് പോരാളികളെയും കൊന്നൊടുക്കുകയാണ് സൈന്യം . സിറിയൻ സൈന്യത്തിനു പൂർണ്ണ പിന്തുണയുമായി റഷ്യൻ വ്യോമസേനയും രംഗത്തുണ്ട്. ഇറാഖിനോട് അതിർത്തി പങ്കിടുന്ന അൽബു കമാലിയിൽ ഇറാഖ് സൈന്യവും നിലയുറപ്പിച്ചതാണ് ഐഎസ് ഭീകരർക്ക് മറ്റൊരു വിനയുമായത്.
എണ്ണപ്പാടങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ദെയോർ ഇസോർ പ്രവിശ്യ 2014 മുതലാണ് ഐഎസ് നിയന്ത്രണത്തിലാക്കുന്നത്. യൂഫ്രൈറ്റ്സ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ നിരവധി സോണുകളായി തരം തിരിച്ചായിരുന്നു ഐഎസ് ഭരണം നടത്തി വന്നിരുന്നത്. ഇവിടുത്തെ അവസാനത്തെ പ്രധാന കേന്ദ്രമായിരുന്നു അബു അൽകമാലി.
















