ക്വാലാലംപൂർ: സക്കീർ നായിക്കിനെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി. വിവിധ കേസുകളിലായി വിചാരണ നേരിടുന്ന സക്കീർ നായിക്കിനെ തിരികെയെത്തിക്കാന്‍ ഇന്ത്യ അപേക്ഷ നല്‍കിയാൽ അത് സ്വീകാര്യമാകുമെന്നാണ് മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എംപിയുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
സക്കീർ നായിക്കിനെ കൈമാറുന്നത് സംബന്ധിച്ച് ഇതുവരെ ഇന്ത്യയില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ല. അതേ സമയം ഇന്ത്യ അപേക്ഷ നല്‍കിയാല്‍ സക്കീർ നായിക്കിനെ ഉടന്‍ തിരിച്ചയക്കും. പുച്ചോങ് എംപി ഗോബിന്ദ് സിംഗിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. സക്കീർ നായിക്കിനെതിരെ ഭീകരവാദക്കുറ്റങ്ങളുണ്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും എംപി ചൂണ്ടിക്കാണിച്ചു.
ഭീകരവാദം, മതംമാറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള സക്കീർ നായിക് മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച് കഴിയുകയാണ്. സാക്കിര്‍ നായിക് വിഷയത്തില്‍ മലേഷ്യയുടെ നിലപാട് വ്യക്തമായതോടെ സക്കീര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍ഐഎ ഉടന്‍ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
















