കൊച്ചി: ലോകഭാഷയായി മലയാളം മാറുന്ന കാലത്ത് മലയാളത്തെ ആശ്ലേഷിക്കാന്‍ നമുക്ക് കഴിയണമെന്ന് സി. രാധാകൃഷ്ണന്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക് റിലേഷന്‍ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ജീവിക്കാനുള്ള ഭാഷാ പരിജ്ഞാനം ആര്‍ജിക്കാനുള്ള ഊന്നുവടിയാണ് മാതൃഭാഷ പഠനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മലയാളഭാഷയെ ആധുനിക കമ്പ്യൂട്ടിംഗിന്റെ അടുത്ത ഘട്ടത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. നമ്മുടെ ഭാഷയും സംസ്കാരവും സ്വന്തം അഭിമാനമായി കരുതി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥ, ഉപന്യാസ രചന, പ്രശ്നോത്തരി എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സി. രാധാകൃഷ്ണന് നല്കി. എഡിഎം എം.കെ. കബീര്‍, ആകാശവാണി കൊച്ചി നിലയം ഡയറക്ടര്‍ ടി.ടി. പ്രഭാകരന്, ആകാശവാണി ചീഫ് പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: