കൊച്ചി: ഡ്രൈവറായി ജോലിചെയ്തിരുന്ന ഹരിജന്‍ യുവാവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കേരള സ്റ്റേറ്റ് ഹരിജന്‍ സംഘം പ്രസിഡന്റ് എം.കെ കുഞ്ഞോല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2012 ആഗസ്റ്റ് 6 നാണ് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വില്ലേജിലെ അറക്കുന്നേല്വീട്ടില് സജിത്ത്കുമാര്‍(24)കോലഞ്ചേരി ആശുപത്രിയില്‍ മരിച്ചത്. അഞ്ചിന് കാര്‍ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സജിത്തിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതാണ് മാരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇടിച്ചു എന്ന് പറയുന്ന കാറിന് പോറല്‍ പോലും ഏറ്റിരുന്നില്ല. അതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ട്.
വീടിന്റെ അയല്‍വാസികള്‍ കാറോടിക്കുന്നതിനാണ് സജിത്തിനെ വിളിച്ചുകൊണ്ടുപോയത്. സജിത്തിനോടൊപ്പം അപകടത്തില്‍പെട്ട കാറില്‍ സഞ്ചരിച്ചവര്‍ക്കാര്‍ക്കും പരിക്കുണ്ടായിരുന്നില്ല. കാറില്‍ സഞ്ചരിച്ചവരും സജിത്തുമായി പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലവിലുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ക്കും സ്വാധീനശേഷിയുള്ളവര്ക്കും ഹരിജനങ്ങളോട് എന്തുമാകാമെന്നാണ് ഈ സംഭവം കാണിക്കുന്നത്. പോലീസ് ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്. അതുകൊണ്ട് സംഭവം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി അയച്ചു. പരാതി നടപടിക്കായി ഗവണ്മെന്റ് സെക്രട്ടറിക്കയച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഹരിജനങ്ങളെ തല്ലികൊന്നാല്‍ നടപടിയെടുക്കാത്ത സംസ്ഥാനമായി കേരളം അധഃപതിച്ചിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ സജിത്തിന്റെ പിതാവ് ശങ്കരനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: