കൊച്ചി മോദി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്ക്കരണം നടത്തിയത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കള്ളപ്പണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി എറണാകുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഭാരതത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ പരിഷ്കരണത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ്, സിപിഎം നയങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് സമാനമാണ്. പരിഷ്കരണങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സാധാരണക്കാരുടെ വികാരങ്ങള്‍ ചവിട്ടിമെതിച്ച് കേരള സര്‍ക്കാര്‍ സമസ്ത മേഖലകളിലും പിടിച്ചുപറിയും പകല്‍കൊള്ളയും നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ അന്ധമായ രാഷ്ടീയ വൈരാഗ്യം കൊണ്ട് അട്ടിമറിക്കുകയാണ്. നോട്ട് നിരോധനത്തിന് മുമ്പ് 500, 1000 നോട്ടുകള്‍, 18 ശതമാനമാണ് രാജ്യത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബാങ്ക് വഴി ക്രയവിക്രയം നടത്തിയിരുന്നത് ഇതിന്റെ രണ്ട് ശതമാനവും. ഇൗ സമാന്തര സമ്പദ് വ്യവസ്ഥ രാജ്യത്തിന്റെ വികസനങ്ങളെ അസ്വസ്ഥമാക്കി. നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ലഭിച്ച ജനപിന്തുണ സാധാരണക്കാര്‍ ഒപ്പമുണ്ടെന്നുള്ളതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ അധ്യക്ഷനായി. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി നേതാക്കളായ കെ.എസ്. സുരേഷ്കുമാര്‍, എസ്. സജികുമാര്‍, കെ.കെ. വേലായുധന്, വി.വി. അനില്‍, എന്‍.എം. രവി, സുശീല്‍ ചെറുപുള്ളി, കെ.ജി. ബാലഗോപാല്‍, അബിജു സുരേഷ്, ടി.കെ. വിശ്വനാഥന്, യു.ആര്. രാജേഷ്, പി.എല്‍. ആനന്ദ്, ടി.കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: