വിളപ്പില്‍: ജീവനക്കാര്‍ ഓഫീസിലെത്തുന്നത് തോന്നുന്ന സമയത്ത്. പഞ്ചായത്തിന്റെ മേലധികാരിയായ സെക്രട്ടറി അവധിയെടുത്ത് പോയിട്ട് ഒരു മാസം പിന്നിടുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവര്‍ മണിക്കൂറുകളോളം കാത്തുനിന്നാലെ സീറ്റില്‍ ഉദ്യോഗസ്ഥനെത്തൂ. മരാമത്ത് ജോലികളും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും നിലച്ചിട്ട് കാലങ്ങളായി. ആകെക്കൂടി നാഥനില്ലാ കളരിയായി മാറിയിട്ടുണ്ട് വിളപ്പില്‍ പഞ്ചായത്തോഫീസ്.
പേയാട് ജംഗ്ഷനു സമീപം സ്വകാര്യവ്യക്തി പുതുതായി നിര്‍മിച്ച കെട്ടിടം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് സെക്രട്ടറി പെര്‍മിറ്റ് നിഷേധിച്ചു. അനധികൃത കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദ്ദവും പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസവുമാണ് സെക്രട്ടറി നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ കാരണമെന്നറിയുന്നു. കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെമേല്‍ ചില മെമ്പര്‍മാര്‍ ഭരണസ്വധീനമുപയോഗിച്ച് മെക്കിട്ട് കയറുന്നതും ജീവനക്കാരെ വിളപ്പിലില്‍ നിന്ന് മാറിപ്പോകാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞമാസം മൂന്ന് സെക്ഷന്‍ ക്ലര്‍ക്കുമാര്‍ ഇവിടേക്ക് സ്ഥലം മാറിയെത്തിയെങ്കിലും ഒരാഴ്ച തികയും മുമ്പ് മാറ്റംവാങ്ങി പോയി.
ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷാഫാറം തീര്‍ന്നിട്ട് മാസങ്ങളായി. പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങിയെങ്കിലും ഒരുവര്‍ഷമായി ഇവ ഓഫീസിനുള്ളിലെ തട്ടിന്‍പുറത്ത് അടുക്കി വച്ചിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ രാവിലെ 11 ന് ശേഷമാണ് ഓഫീസിലെത്തുന്നത്. അതുകൊണ്ടു തന്നെ വിളപ്പില്‍ പഞ്ചായത്തില്‍ ജീവനക്കാരും പ്രവര്‍ത്തന സമയം 10.30 ആക്കിയിരിക്കുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ തോന്നിയ പടി എന്ന മട്ടിലാണ് പഞ്ചായത്ത് പ്രവര്‍ത്തനം.
















