കോട്ടയം: കേരള രാഷ്‌ട്രീയത്തില്‍ ബി. ജെ. പി.യുടെ ജനമുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയാണ് ജനരക്ഷായാത്രയിലൂടെ പ്രകടമായതെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഉടലെടുക്കാന്‍ പോവുന്ന പുത്തന്‍ മുന്നണി സംവിധാനത്തിന്റെ ശംഖൊലിയാണ് ജനരക്ഷായാത്രയിലൂടെ മുഴങ്ങിക്കേട്ടത്. ജീവല്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ള കുമ്മനത്തിന്റെ യാത്ര കേരള ജനത ഹൃദയത്തിലേറ്റി. മോഡി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീചശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നോട്ടുനിരോധനത്തിന്റെ മറവില്‍ കേരള ജനതയെ കൊള്ളയടിക്കുന്ന കേരള സര്‍ക്കാര്‍ സമീപനം അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി. പി. എം. അക്രമങ്ങളെയും ദളിത് പീഡനങ്ങളെയും അപലപിച്ചുകൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് എന്‍. കെ. ശശികുമാര്‍ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി., സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന സമിതിയംഗം കെജി. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















