കൊച്ചി: എഴുപത്തി രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നുള്ള മലിനജലം സമീപമുള്ള കാനയിലേയ്ക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇതു സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലുടന്‍ മറ്റ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. കടവന്ത്രയിലെ ക്ലിയര്‍വേ എന്ന ഫ്ളാറ്റിനെതിരെ സമീപവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഫ്ളാറ്റിലെ മാലിന്യം സംസ്കരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുണ്ട്. എന്നാല്‍ മലിനജലം ഓവര്‍ഫ്ളോ ആകുമ്പോള്‍ കാനയിലേക്ക് ഒഴുക്കുന്നുണ്ടെന്ന് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാന സ്ലാബിട്ട് മൂടുന്നതിനും വൃത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലിയര്‍വേയുടെ ഉടമസ്ഥരായ സെലസ്റ്റല്‍ അപ്പാര്‍ട്ട്മെന്റ്സിന് മലിനീകരണ നിയന്ത്രണ സംവിധാനം ഫലപ്രദമാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ശാസ്ത്രീയ പരിശോധനയില്‍ ഫ്ളാറ്റ് ഉടമയുടെ ഭാഗത്ത് തെറ്റ് ബോധ്യമായാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കൊച്ചി നഗരസഭ സെക്രട്ടറിക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: