കാക്കനാട്: ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ നല്കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും വ്യാജ ചികിത്സ തടയുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2017 സംബന്ധിച്ച് സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. ഫാര്‍മസി, ലബോറട്ടറി തുടങ്ങിയ വിവിധ മേഖലകളുടെ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. രജിസ്ട്രേഷന് ലഭിക്കണമെങ്കില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പാരമ്പര്യ ചികിത്സാ മേഖലയിലെ അറിവുകള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം വ്യാജ ചികിത്സകരെ ഒഴിവാക്കും. ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്, ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, പ്രൈവറ്റ് ആയുര്‍വേദ ഡോക്ടേഴ്സ് അസോസിയേഷന്, ആയുര്‍വേദ മെഡിസിന് മാനുഫാക്ചേഴ്സ് അസോസിയേഷന്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. എംഎല്‍എമാരായ എ.കെ. ശശീന്ദ്രന്, പ്രതിഭ ഹരി, പി.കെ. ബഷീര്‍, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുളള, സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെന്റര്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കമല, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്, ഡോ. ജെ. ബോബന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: