മാരാരിക്കുളം: അമ്മൂമ്മയെ കബളിപ്പിക്കാന്‍ നോട്ടിന്റെ കളര്‍ പകര്‍പ്പ് എടുത്തവര്‍ കള്ളനോട്ട് കേസില്‍ പ്രതികളായി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോളജ് അധ്യാപകന്റെ വീട്ടില്‍ ചൊവ്വ വൈകിട്ടാണ് സംഭവം.
തൊണ്ണൂറുകാരിയായ അമ്മൂമ്മയ്‌ക്ക് എപ്പോഴും പണം ആവശ്യമാണ്. നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്തുനല്‍കിയാണ് വീട്ടിലുള്ളവര്‍ അമ്മൂമ്മയെ സംതൃപ്തിപ്പെടുത്തുന്നത്. പുതിയതായി എത്തിയ ഹോംനഴ്‌സിന് 500 രൂപയുടെ നോട്ട് അമ്മൂമ്മ നല്‍കി. ഇവര്‍ ഇതുമായി സമീപത്തെ കടയില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ നല്‍കി. പണം എടുക്കില്ലെന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ വീണ്ടും വീട്ടില്‍ പോയി 500 രൂപയുമായി വന്നു. ഇതും എടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ 2,000 രൂപയുമായി എത്തി. ഇതും കടക്കാരന്‍ തിരികെ നല്‍കി. 376 രൂപയുടെ റീചാര്‍ജും ചെയ്തു.
പണവുമായി ഹോംനഴ്‌സ് മടങ്ങിവരാതിരുന്നപ്പോള്‍ കടയുടമ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ട് പിടിച്ചു. കോളജ് അദ്ധ്യാപകന് എതിരെയും ബന്ധുക്കള്‍ക്ക് എതിരെയും കേസെടുക്കുമെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു.
















