പന്തളം: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചുള്ള ശബരിമല തീര്‍ത്ഥാടനം തുടങ്ങുവാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. തകര്‍ന്നു തരിപ്പണമായ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മഴ കനത്തതോടെ ചെളിക്കുളമായി മാറി. ഇതിന്റെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആറുമാസം മുമ്പു അമ്പതുലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും ഒരുരൂപപോലും ചിലവഴിച്ചു കണ്ടില്ല.
മുന്‍ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് കെഎസ്ആര്‍ടിസി ഇവിടെ കുഴികളടച്ച് ടാര്‍ ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലത്ത് കുഴികളില്‍ മുട്ടറ്റം വെള്ളമാണ് നിറയുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. കുഴികളില്‍ ബസ്സിറങ്ങുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നത് യാത്രക്കാരുടെ ദേഹത്തേക്കാണ്. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും മഴയായതിനാല്‍ എന്നുമിവിടം ചെളിക്കുളത്തിനു സമാനമാണ്. രണ്ടുമൂന്നു ദിവസം തുടര്‍ച്ചയായി വെയിലുറച്ചാല്‍ പിന്നെ പൊടിയുടെ അഭിഷേകമാണ്. മണ്ണു മൂടിയപോലെ പ്രദേശമാകെ പൊടികൊണ്ടു നിറയും.
സ്റ്റാന്ഡിന്റെഈ ദുസ്ഥി തിയില്‍ യാത്രക്കാരേപ്പോലെ തന്നെ നാട്ടുകാരും ഏറെ ബുദ്ധിമുട്ടുമ്പോഴാണ് ആറു മാസം മുമ്പ് എംഎല്‍എയുടെ പ്രഖ്യാപനം വന്നത്. സ്റ്റാന്‍ ഡില് ഇതേപോലെ കുഴികളുണ്ടാകാത്ത വിധത്തില്‍ ടാറിംഗ് നടത്താനും ഇവിടെയുള്ള വര്‍ക്ക് ഷോപ്പ് നവീകരിക്കാനുമായി തന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചെന്നും അതിന് ഭരണാനുമതിലഭി ച്ചെന്നുമാ ണ് ചിറ്റയം ഗോപകുമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും എംഎല്‍എയുടെ പ്രഖ്യാപനമല്ലാതെ മറ്റൊന്നുംതന്നെ ഇവിടെ സംഭവിച്ചിട്ടില്ല. ഇടയ്ക്കിടെ ഇവിടെയുണ്ടാകുന്ന മാറ്റം സഖാക്കള്‍ സ്റ്റാന്‍ഡിനുള്ളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ചെങ്കൊടിയും ചെന്തോരണങ്ങളും കെട്ടി സ്റ്റാന്‍ ഡിനെ സിപിഎം ഓഫീസുപോലെയാക്കുന്നതു മാത്രമാണ്. തീര്‍ത്ഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതല്‍ ഇവിടെ തീര്‍ത്ഥാടകരുടെ തിരക്കും ആരംഭിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഇക്കാലയളവില്‍ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തെത്തുന്നത്. ഇവിടെ നിന്നും നേരിട്ടു ശബരിമലയിലേക്ക് ബസ് രണ്ടേ ഉള്ളുവെങ്കിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും പോയി ശബരിമലയ്ക്കു പോകുവാന്‍ ഏറെ തീര്ത്ഥാടകരാണെത്തുന്നത്. ഈ തീര്‍ത്ഥാടകരും ഇത്തവണ പന്തളത്ത് ഏറെ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: