പേരൂര്‍ക്കട: പാങ്ങോട് മിലിറ്ററി ക്യാമ്പിനോടു ചേര്‍ന്ന് താമസിക്കുന്നവര്‍ പുതിയ വീടുകള്‍ പണിയുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ കഴിയാതെ വിഷമാവസ്ഥയില്‍. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന തിരുമല, പിടിപി നഗര്‍, പൂജപ്പുര വാര്‍ഡുകളിലെ ക്യാമ്പിനോടു ചേര്‍ന്നു താമസിക്കുന്ന വീട്ടുകാരാണ് ദുരിതാവസ്ഥയില്‍ കഴിയുന്നത്. എല്ലാ വാര്‍ഡുകളും പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളാണ്. നിര്‍ദ്ധനരുള്‍പ്പെടെയുള്ളവര്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവിടെ അപകടാവസ്ഥയിലും വാസയോഗ്യമല്ലാത്തവയുമായ വീടുകളുണ്ട്. ലോണെടുത്തും കടംവാങ്ങിയും ഒരുവീടുവയ്‌ക്കാന്‍ സ്വപ്‌നം കണ്ട് കഴിയുന്ന ജനവിഭാഗങ്ങള്‍ക്കു തിരിച്ചടിയായിരിക്കുന്നത് മിലിട്ടറി അധികൃതര്‍ നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ്. അതു ലഭിച്ചാല്‍ മാത്രമേ നിലവിലുള്ള വീട് താമസയോഗ്യമാക്കാനോ പുതിയ വീട് വയ്‌ക്കാനോ കഴിയുകയുള്ളൂ.
പ്രശ്‌നം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ഭൂരിഭാഗം ജനങ്ങളും പറയുന്നു. നിലവിലെ നിയമ പ്രകാരം മിലിട്ടറി ക്യാമ്പിന്റെ അതിര്‍ത്തിയില്‍ നിന്നും 100 മീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതേസമയം ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് നോക്കുമ്പോള്‍ ഈയൊരു നിയമം അശാസ്ത്രീയമാണെന്നും പ്രശ്‌നത്തില്‍ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമം നടത്തണമെന്നും പാങ്ങോട് വാര്‍ഡ് കൗണ്‍സിലര്‍ എസ്.മധുസൂദനന്‍നായര്‍ ആവശ്യപ്പെട്ടു.
















