റിയാദ്: സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ നീക്കം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. കൂടുതല്‍ അറസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. സ്വകാര്യ വിമാനങ്ങളുള്ളവര്‍ രാജ്യത്തിനു പുറത്തു പോകാതിരിക്കാനുള്ള നീക്കവും ശക്തമാക്കി. ഇത്തരം വിമാനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പറക്കാന്‍ അനുവാദം നല്‍കരുതെന്ന് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയുടെ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തു. അല്‍ തയാര്‍ ട്രാവല്‍സിന്റെ ഉടമ നാസര്‍ ബിന്‍ അഖീല്‍ അല്‍-തയാറിനെയാണ് അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. സൗദിയിലെ സമ്പന്നരില്‍ മുമ്പനായ അല്‍വാലീദ് ബിന്‍ തലാല്‍ രാജകുമാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അല്‍-തയാര്‍ കൂടി അറസ്റ്റിലായതോടെ രാജകുടുംബാംഗങ്ങളുടെ സമ്പത്തിനെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.
സൗദിയില്‍ ആദ്യമായി ഇക്കാര്യത്തില്‍ പൊതുവികാരം ശക്തിപ്പെടുന്നതിന്റെ പ്രതിഫലനമായി സൗദിയില്‍ പുറത്തിറങ്ങിയ പത്രങ്ങളില്‍ വന്ന തലക്കെട്ടുകള്‍. ഈ പണം നിങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി? എന്ന വലിയ ശീര്‍ഷകത്തിനു താഴെയാണ് പ്രധാന പത്രമായ ഒകാസ്, വാര്‍ത്ത നല്‍കിയത്.
അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പതിനൊന്നു രാജകുമാരന്മാരേയും പത്ത് മുന്‍ മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന നാലു മന്ത്രിമാരെ പുറത്താക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലെ അവസാന വാക്കായി മാറിയതിന്റെ തെളിവുകളാണ് പുറത്തു വരുന്നതതെന്ന് മേഖലയിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സൗദിയില്‍ ഇത്രയും നാള്‍ പൊതുമുലും രാജകുടുംബത്തിന്റെ മുതലും എന്ന വ്യത്യാസത്തിന് നേരിയ അതിര്‍വരമ്പു മാത്രമാണ്ടുണ്ടായിരുന്നത്. എന്നാല്‍ സല്‍മാന്‍ രാജകുമാരന്റെ ഇടപെടല്‍ ഇതിനു മാറ്റമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍.
















