കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുവേണ്ടി കലൂര്‍ സ്റ്റേഡിയത്തിലെ കടമുറികള്‍ താല്കാലികമായി ഒഴിപ്പിച്ചതിനെതിരെ ഹര്‍ജി നല്കിയവരില് ഏഴുപേര്‍ക്ക് ഇനിയും കടകള്‍ തിരികെക്കിട്ടിയില്ലെന്ന് പരാതി. ഇവര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ താക്കോല്‍ കൈമാറിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലൂര്‍ സ്റ്റേഡിയത്തില്‍ കടമുറി വാടകയ്ക്കെടുത്തിരുന്ന ട്രീസ ആന്റണി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അണ്ടര്‍ 17 ലോകകപ്പ് മത്സരം നടക്കുന്നതിനാല്‍ സുരക്ഷയുടെ പേരില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കടകള്‍ ഒഴിയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ 44 കച്ചവടക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, മത്സരങ്ങള്‍ക്കു ശേഷം കടമുറികളുടെ താക്കോല്‍ തിരികെ നല്കാന് കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ മത്സരശേഷം താക്കോല്‍ ലഭിച്ചില്ലെന്നാണ് ഹര്‍ജിക്കാരിയുടെ പരാതി. സ്റ്റേഡിയത്തിലെ 44 കച്ചവടക്കാരില്‍ 37 പേര്‍ക്ക് താക്കോല്‍ നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. തുടര്‍ന്നാണ് ശേഷിച്ച ഏഴ് പേര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ താക്കോല്‍ നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: