കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്ത അനിശ്ചിതകാല കടയടപ്പ് സമരം പൂര്‍ണം. രണ്ട് സിറ്റി റേഷനിങ്, ഏഴ് താലൂക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1342 റേഷന്‍ കടകളും തുറന്നില്ല. സൊസൈറ്റികള്‍ക്ക് കീഴിലുള്ള 12 റേഷന്‍ കടകള്‍ മാത്രമാണ് തുറന്നത്.
റേഷന്‍ കടകളില്‍ ഇ- പോസ് യന്ത്രം സ്ഥാപിക്കുക, റേഷന്‍ കടയുടമകളുടെ വേതന പാക്കേജ് പ്രഖ്യാപിക്കുക, റേഷന്‍ സാധനം എത്തിച്ച ശേഷം കാര്‍ഡുടമകള്‍ക്ക് എസ്എംഎസ് സന്ദേശമയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എറണാകുളം, കൊച്ചി സിറ്റി റേ്ഷനിങ് ഓഫീസുകള്‍ക്ക് പരിധിയില്‍ യഥാക്രമം 90, 114 റേഷന്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്. കണയന്നൂര്‍-167, കൊച്ചി-88, ആലുവ-216, പറവൂര്‍- 149, കുന്നത്ത് നാട്- 234, കോതമംഗലം-122, മൂവാറ്റുപുഴ-162 റേഷന്‍ കടകള്‍ അടച്ചിട്ടിരിക്കുന്നതായി താലൂക്ക് ഓഫീസുകള്‍ ജില്ല സപ്ലൈ ഓഫീസില്‍ അറിയിച്ചു.
കടകള്‍ തുടര്‍ച്ചയായി അടച്ചിട്ടാല്‍ കേരള റേഷനിങ് കണ്ട്രോള് ആക്ട് പ്രകാരവും അവശ്യ സാധന നിയന്ത്രണ നിയമ പ്രകാരവും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പിടിച്ചെടുക്കുന്ന റേഷന്‍ കടകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സമരാഹ്വാനത്തെ തുടര്‍ന്ന് ജില്ലയിലെ ഭൂരിപക്ഷം റേഷന്‍ കടകളിലും സ്റ്റോക്ക് എടുത്തിരുന്നില്ല. ഇത് മൂലം അരി സൂക്ഷിച്ചിരിക്കുന്ന സപ്ലൈകോ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുകയാണ്. പൊതുമാര്‍ക്കറ്റില്‍ ഇപ്പോള്‍ തന്നെ അരിയുടെ ശാരാശരി വില 50 രൂപയാണ്. സമരം നീണ്ടാല്‍ അരിവില ഉയരും സ്കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണ വിതരണവും അവതാളത്തിലാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: