കോട്ടയം: മണ്ഡലകാലത്ത് ജില്ലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റതും, കാര്യക്ഷമവുമായ ആരോഗ്യ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത അറിയിച്ചു.
എരുമേലിയില്‍ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസരിക്കുകയായിരുന്നു. എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഡയറക്ടര്‍ നേരിട്ട് വിലയിരുത്തി. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ സമയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കും. പരമാവധി ആംബുലന്‍സുകള്‍ ലഭ്യമാക്കും.
മണ്ഡലകാലത്ത് കൊതുക് ജന്യ രോഗങ്ങള്‍ തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കോളറ വയറിളക്കം മഞ്ഞപ്പിത്തം എന്നിവ തടയുന്നതിന് ജലസ്രോതസുകളുടെ മലിനീകരണം തടയുന്നതിന് പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ കൂള്‍ബാറുകള്‍ എന്നിവയില്‍ സുരക്ഷിതമായ വെള്ളം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താനും ശുചിത്വം ഉറപ്പുവരുത്താനും പരിശോധന കര്‍ക്കശമാക്കും. തീര്‍ത്ഥാടന വേളയില്‍ ജില്ലയിലെത്തുന്നവര്‍ക്ക് ശരിയായ ആരോഗ്യ ബോധവത്കരണം നല്‍കാനും യോഗം തീരുമാനിച്ചു
യോഗത്തില്‍ കോട്ടയം ഡി എം ഒ ഡോ: ജേക്കബ് വര്‍ഗീസ് ആരോഗ്യ മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദ് പാച്ചേനി സംസ്ഥാന നോഡല്‍ ഓഫീസറും ആരോഗ്യ വകപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ.വി അനില്‍, സംസ്ഥാന മാസ് മീഡിയ ഒഫീസര്‍ അനില്‍ കുമാര്‍, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എന്‍ പ്രിയ എരുമേലി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















