വിഴിഞ്ഞം: അതിഥികളെ സ്വീകരിക്കാന്‍ മധുരവുമായി എത്തിയവരെ കണ്ടപ്പോള്‍ കുഞ്ഞു മുഖങ്ങളില്‍ ആദ്യം വിടര്‍ന്നത് അമ്പരപ്പ്. പിന്നെ സഹതാപത്തിന് വഴി മാറി. ആടിയും പാടിയും മണിക്കൂറുകള്‍ക്ക് ശേഷം പിരിയുമ്പോള്‍ പലരുടെയും മനസ്സില്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ പ്രതീതി.
ഓട്ടിസം പോലെ പ്രത്യേക ശ്രദ്ധ വേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വെങ്ങാനൂര്‍ എസ്എഫ്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാര്‍. വെങ്ങാനൂര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റെലി ചലഞ്ച്ഡ് ആയിരുന്നു ഇവരുടെ സംഗമ വേദി. ‘ശലഭങ്ങളോടൊപ്പം ഒരു പകല്‍’ എന്ന പേരിലാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. കേരള പിറവിയോടനുബന്ധിച്ച പ്രോജക്ടിന്റെ ഭാഗമായാണ് 29 കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ഇവിടെയെത്തിയത്.
ആദ്യമണിക്കൂറുകളില്‍ ഇരുകൂട്ടരും തമ്മില്‍ പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. ക്രമേണ ഇരുകൂട്ടര്‍ക്കും ഇടയിലെ മഞ്ഞുരുകുകയായിരുന്നു. സംഗീതവും നൃത്തവും ചര്‍ച്ചകളും ഇതിന് കാരണവുമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കരകൗശല മികവ് അതിഥികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ദൈവസൃഷ്ടികള്‍ക്കെല്ലാം തങ്ങളുടേതായ കഴിവുകളുണ്ട് എന്ന പാഠം അനുഭവത്തിലൂടെ കിട്ടി എന്ന സാക്ഷ്യപ്പെടുത്തലും ഉണ്ടായി.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലില്ലിയുടെ നേതൃത്വത്തില്‍ സുജ ജെ. സാഹിബ്, ഷീബ രമേഷ്, കെ.എസ്. രാധിക എന്നീ അധ്യാപികമാരാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. എസ് എഫ്എസിലെ പൂര്‍വവിദ്യാര്‍ഥിയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ എ.എസ്. നിധിന്‍ ഷായും ഇതില്‍ പങ്കാളിയായി.
ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. ധന്യയോട് ഭിന്ന ശേഷിക്കാരുടെ കഴിവുകളെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ ശേഷമാണ് ഇവര്‍ മടങ്ങിയത്.
















