കോട്ടയം: ഗൃഹപാഠങ്ങളുടെ മടുപ്പും പരീക്ഷാപ്പേടിയും വിട്ട് കഥയുടെയും കവിതയുടെയും ലോകത്തേക്ക് അവര്‍ ഇറങ്ങി വന്നു. രചനകള്‍ക്കുളള വിഷയങ്ങളും അവര്‍ തന്നെ നിര്‍ദ്ദേശിച്ചു. ഈ വര്‍ഷത്തെ മലയാളം ശ്രേഷ്ഠഭാഷാദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എഴുത്തോല രചനാക്യാമ്പാണ് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായത്. ഭൂമിയുടെ നൊമ്പരം ചിത്രമായി പകര്‍ത്തിയ ഏഴാംക്ലാസുകാരന്‍ വൈശാഖും പക്ഷികളും കുട്ടികളും മാലിന്യം വൃത്തിയാക്കുന്ന ചിത്രം വരച്ച അഞ്ചാം ക്ലാസുകാരി അല്‍ഫോന്‍സയും പൂന്തോട്ടം വരച്ച ആറാംക്ലാസുകാരന്‍ ഹരി കൃഷ്ണനും കടല്‍ തീരത്തെ കാഴ്ചകള്‍ പകര്‍ത്തിയ അഞ്ചാം ക്ലാസുകാരന്‍ സിദ്ധാര്‍ത്ഥും മഴവില്ലില്‍ വര്‍ണ്ണം തീര്‍ത്ത മൂന്നാം ക്ലാസുകാരന്‍ നിബിനും പങ്കുവച്ചത് മികച്ച ആവിഷ്‌കാരമികവാണ്. ഭക്ഷ്യ സുരക്ഷാ, ഹരിത സ്വപ്‌നം, ഗ്രാമഭംഗം, നിഴല്‍ വീണ വഴികള്‍, ആദര്‍ശ ഗ്രാമം തുടങ്ങി വിവിധ വിഷയങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും പിറന്നു. പി.ആര്‍.ഡി അസി. എഡിറ്റര്‍ സിനി കെ തോമസ് ക്യാമ്പിന് നേതൃത്വം നല്‍കി. പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജവാഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ടി. ശശികുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള എന്നിവര്‍ സന്ദേശം നല്‍കി.
















