കോട്ടയം: ജില്ലയുടെ വിവിധഭാഗങ്ങളില്‍ സ്വകാര്യ ബസ് ജീവനക്കാരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ബിഎംഎസ് ബസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ജി.ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ എന്നിവര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് സമീപവും കഴിഞ്ഞദിവസം ചങ്ങനാശേരിയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായി. പാലായില്‍ രണ്ടുമാസം മുന്‍പ് സമാനരീതിയിലുള്ള സംഭവമുണ്ടായപ്പോള്‍ ബസ് പണിമുടക്ക് നടത്തിയിരുന്നതായി പ്രസിഡന്റ് കെ.ജി.ഗോപകുമാര്‍ പറഞ്ഞു. സംഭവങ്ങള്‍ എല്ലാംതന്നെ നടന്നുകഴിഞ്ഞിട്ടും ഇതുവരെയും പ്രതികളെ പിടികൂടാത്തത് പോലീസിന്റെ അനാസ്ഥയാണ്. സ്വകാര്യബസ് ജീവനക്കാരെ ഇത്തരത്തില്‍ അക്രമിക്കുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈവ്യവസായം തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
















