മട്ടാഞ്ചേരി: പൈതൃക – ടൂറിസം മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം സിപിഎം നേതാക്കളില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഏറ്റുമുട്ടലിനിടെ പോലീസുകാര്‍ക്കും സിപിഎം നേതാവിനും പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം.
സിപിഎം ഫോര്‍ട്ടുകൊച്ചി ലോക്കല്‍സെക്രട്ടറി മുഹമ്മദ്അബ്ബാസ,് വഴിയോര കച്ചവടക്കാരന് ഷബീര്‍ എന്നിവര്‍ക്കും രണ്ട് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.
ഫോര്‍ട്ടുകൊച്ചി ചീനവല സ്ക്വയര്‍, കടപ്പുറം, കൊച്ചിന് ക്ലബ് പരിസരം, ബസ് സ്റ്റാന്റ്, തുടങ്ങിയിടങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് അധികാരികളെത്തിയത്. ഇതിനിടെ വിവിധ യൂണിയനുകളില്‍പ്പെട്ടവര്‍ പ്രതിഷേധവുമായെത്തി. ടൂറിസം മേഖലയില്‍ റവന്യുഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങളും കൈയേറ്റങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വഴിയോര കച്ചവടക്കാര്‍ക്കടക്കം നോട്ടീസ് നല്കി.
കൈയേറ്റങ്ങള്‍ സ്വയം പൊളിച്ചുനീക്കാനുള്ള നിര്‍ദ്ദേശം പാലിക്കാതായതോടെയാണ് ശനിയാഴ്ച പൊളിച്ചുനീക്കല്‍ നടപടിയുമായി റവന്യു അധികൃതര്‍ രംഗത്തിറങ്ങിയത്. ചില കടകള്‍ക്ക് കോടതി സ്റ്റേ ഉണ്ടെന്നും പൊളിച്ചുനീക്കല്‍ തടയുമെന്നുമുള്ള പ്രതിഷേധത്തിനിടെയാണ് പോലീസ്നടപടിയുണ്ടായത്്. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഇമ്പശേഖര്‍, കൊച്ചി തഹസില്‍ദാര്‍ കെ.എം. അഡ്രോസ് , അഡീഷണല്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബീര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്. വിജയന്, സിഐ പി.രാജ്കുമാര്, എസ്.ഐ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടന്നത്.
അനധികൃതകൈയേറ്റ നടപടി തടഞ്ഞതിനും ആശുപത്രിയില്‍ പരിക്കേറ്റവരുടെ മൊഴിയെടുക്കാന്‍ ചെന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയതിനും പോലീസ് കേസ്സ് എടുത്തു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ പ്രതിഷേധ പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: